ഹൂതികളില്‍ നിന്നും 90 % മേഖലയും തിരിച്ചു പിടിച്ചതായി സൌദി സഖ്യസേന
ഹൂതി നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാനം സന്‍ആക്ക് സമീപം സഖ്യസേന എത്തി
സായുധ സംഘമായ ഹൂതികളില്‍ നിന്നും 90 ശതമാനം മേഖലയും തിരിച്ചു പിടിച്ചതായി സൌദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാനം സന്‍ആക്ക് സമീപം സഖ്യസേന എത്തി. ആഭ്യന്തര യുദ്ധത്തിന് ശേഷം യമനില്‍ സൌദി സഖ്യസേനക്കുള്ള നിര്‍ണായക മുന്നേറ്റമാണിത്. ഹൂതികളെ തുരത്താന്‍ യമനിലെ ഏത് സേനക്കും സഖ്യസേനക്കൊപ്പം ചേരാമെന്നും വക്താവ് അറിയിച്ചു.
2013ല്‍ ആരംഭിച്ച യമനിലെ ആഭ്യന്തര കലഹങ്ങള്‍ 2015ഓടെയാണ് ശക്തമായത്. ഇത് സുരക്ഷക്ക് ഭീഷണിയായതോടെ 2015ല്‍ സൌദി പ്രശ്നത്തില്‍ ഇടപെട്ടു. വിമതരും അട്ടിമറിക്ക് ശ്രമിക്കുകയും ചെയ്യുന്ന ഹൂതികള്‍ക്കെതിരെയായിരുന്നു പ്രധാന നീക്കം. തലസ്ഥാനമായ സന്‍ആയും പരിസര പ്രവിശ്യകളും ഹൂതി നിയന്ത്രണത്തിലായിരുന്നു. ഇതില്‍ സന്‍ആക്ക് സമീപത്തെ പ്രവിശ്യകളെല്ലാം സഖ്യസേന തിരിച്ചു പിടിച്ചു. സഖ്യസേന യമന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഈ നേട്ടമുണ്ടാക്കിയത്. ഇപ്പോള്‍ തലസ്ഥാന നഗരിക്ക് അരികിലാണ് സഖ്യസേന. ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാണിപ്പോള്‍. കഴിഞ്ഞ മാസം മുന്‍ യമന്‍ പ്രസിഡണ്ട് അലി അബ്ദുള്ള സാലിഹിനെ ഹൂതികള്‍ വധിച്ചിരുന്നു. ഇതോടെ ഹൂതികള്‍ക്കെതിരാണ് അലി സ്വാലിഹ് വിഭാഗവും. ഹൂതികള്‍ക്കെതിരെ ആരുമായും കൂട്ടുകൂടുമെന്ന നിലപാടിലാണ സഖ്യസേന. പുതിയ നീക്കത്തോടെ ഹൂതികള്‍ പ്രതിരോധത്തിലാണ്. സഖ്യസേന സന്‍ആ വളയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.