അമേരിക്കന്‍ പ്രസിഡന്‍റാകാനില്ലെന്ന് ഓപ്രാ വിന്‍ഫ്രി
അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിന്‍ഫ്രി മത്സരിക്കണമെന്ന ആവശ്യം അമേരിക്കയില്‍ ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് നടിയും അവതാരകയുമായ ഓപ്രാ വിന്‍ഫ്രി. പ്രസിഡന്‍റാകാന്‍ താല്‍പര്യമില്ലെന്ന് വിന്‍ഫ്രി വ്യക്തമാക്കി. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിന്‍ഫ്രി മത്സരിക്കണമെന്ന ആവശ്യം അമേരിക്കയില്‍ ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കിയത്.
തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും കഴിയില്ലെന്നുമുള്ള കാര്യത്തില്‍ വ്യക്തമായ ബോധവും വിശ്വാസവുമുണ്ടെന്ന് ഇന്‍സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ഫ്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല. അതിനുള്ള ഡിഎന്‍എ തനിക്കില്ലെന്നും വിന്‍ഫ്രി പറഞ്ഞു.
ആജീവനാന്ത സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയാണ് വിന്‍ഫ്രി. പുരസ്‌കാരം നേടിയ ശേഷം വിന്‍ഫ്രി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൂടേയെന്ന ചോദ്യം വിന്‍ഫ്രിയെ പല ഭാഗങ്ങളില്‍ നിന്നും തേടിയെത്തിയത്. ഓപ്രാ2020 തുടങ്ങിയ ഹാഷ്ടാഗുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ അവര്‍ 2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്ത പരന്നു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഓപ്ര വ്യക്തമാക്കിയത്.