കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ കോടതി
കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ മധ്യസ്ഥ കോടതി.
കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന് യുഎന്‍ മധ്യസ്ഥ കോടതി. സാല്‍വതോറെ ജെറോനിയെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ജെറോനിയെ നാട്ടിലേക്ക് അയക്കാന്‍ ഇന്ത്യ തയാറാകണമെന്നും ഉത്തരവില്‍ പറയുന്നു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ രണ്ടാമത്തെ പ്രതി മാസിമിലാനോ ലത്തോറെയെ നേരത്തെ തന്നെ ഇറ്റലിയിലേക്ക് അയച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഡല്‍ഹിയില്‍ കഴിയുന്ന ജെറോനിയെ ഇന്ത്യ മോചിപ്പിക്കണമെന്നാണ് യുഎന്‍ കോടതി ഉത്തരവിട്ടത്. നേരത്തെ നാവികനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്രം അന്താരാഷ്ട്ര കോടതിയെ അറിയിച്ചിരുന്നു. നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കേസ് സംബന്ധിച്ച് ഇറ്റലി പിസിഐയെ സമീപിച്ചത്.
2012 ഫെബ്രുവരിയിലാണ് കേരളതീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത് എന്നാണ് നാവികര്‍ വാദിക്കുന്നത്.