ഉത്തരകൊറിയന്‍ മിസൈല്‍ ഉത്തരകൊറിയയെ തന്നെ ലക്ഷ്യമാക്കിയപ്പോള്‍!

Update: 2018-05-15 01:46 GMT
Editor : Subin
ഉത്തരകൊറിയന്‍ മിസൈല്‍ ഉത്തരകൊറിയയെ തന്നെ ലക്ഷ്യമാക്കിയപ്പോള്‍!
Advertising

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നിന്നും 90 മൈല്‍ ദൂരത്തുള്ള ടോക്‌ചോന്‍ നഗരത്തിലേക്ക് ഹ്വാസോങ് 12 മിസൈല്‍ ഇടിച്ചിറങ്ങുകയായിരുന്നു. രണ്ട്‌ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് ടോക്ചാന്‍.

അമേരിക്കയ്‌ക്കെതിരായ പരസ്യ നിലപാടുകളും വന്‍ശക്തിരാജ്യങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള മിസൈല്‍ പരീക്ഷണങ്ങളുമാണ് ഉത്തരകൊറിയയെ അടുത്തിടെ വാര്‍ത്തകളിലെത്തിച്ചത്. കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയക്ക് പറ്റിയ വലിയൊരു കയ്യബദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് അമേരിക്കന്‍ ഒഫീഷ്യലുകളെ ഉദ്ധരിച്ച് ദ ഡിപ്ലോമാറ്റ് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഉത്തരകൊറിയന്‍ ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 12 അവരുടെ നഗരത്തിലേക്ക് തന്നെ പതിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28നാണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം അപകടത്തില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ നിന്നും 90 മൈല്‍ ദൂരത്തുള്ള ടോക്‌ചോന്‍ നഗരത്തിലേക്ക് ഹ്വാസോങ് 12 മിസൈല്‍ ഇടിച്ചിറങ്ങുകയായിരുന്നു. രണ്ട്‌ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് ടോക്ചാന്‍. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തിലാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

വിക്ഷേപണത്തറയില്‍ നിന്നും 38 കിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തേക്ക് പറന്ന ശേഷമാണ് ഹ്വാസോങ് 12 മിസൈലിന്റെ നിയന്ത്രണം ഉത്തരകൊറിയക്ക് നഷ്്ടമായത്. ഏകദേശം 70 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്നതിനിടെയായിരുന്നു അപകടം. മിസൈലിന്റെ ആദ്യഘട്ട എഞ്ചിനുകള്‍ വിക്ഷേപണത്തിന് ഒരു മിനുറ്റിന് ശേഷം പണിമുടക്കിയതാണ് മിസൈലിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് അമേരിക്കന്‍ ഒഫീഷ്യലുകള്‍ പറയുന്നത്.

അതേസമയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. മിസൈല്‍ സ്വന്തം നഗരത്തില്‍ തകര്‍ന്നു വീണ വിവരം സ്ഥിരീകരിക്കുക അസാധ്യമാണെന്ന് ദ ഡിപ്ലോമാറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിസൈല്‍ തകര്‍ന്നു വീണ സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളിലും വ്യക്തതയില്ല. പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം പരാജയപ്പെടുകയെന്നത് അയല്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരമാണ്. ജപ്പാനിലോ ദക്ഷിണകൊറിയയിലോ ആണ് ഈ മിസൈല്‍ വീണിരുന്നതെങ്കില്‍ ലോകം മറ്റൊരു യുദ്ധത്തിന് കൂടി സാക്ഷിയാകേണ്ടി വരുമായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News