റൈറ്റ് സഹോദരന്‍മാര്‍ ആദ്യ വിമാനം വിജയകരമായി പറത്തിയതിന് 113 വര്‍ഷം
പക്ഷികളുടെ ചിറകുകള്‍ സ്വപ്നം കണ്ട മനുഷ്യന്‍ ചില യന്ത്രങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ ശ്രമങ്ങളെല്ലാം വിഫലമായി
റൈറ്റ് സഹോദരന്‍മാര്‍ ആദ്യത്തെ വിമാനം വിജയകരമായി പറത്തിയതിന് 113 വര്‍ഷം പൂര്‍ത്തിയാകുന്നു. വ്യോമയാന രംഗത്ത് അനുദിനം സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ നാന്ദികുറിക്കലായിരുന്നു 1903 ഡിസംബര്‍ 17 ന് അമേരിക്കയിലെ വടക്കന്‍ കരോലിനയിലെ കടല്‍ തീരത്ത് നടന്നത്.
പക്ഷികളുടെ ചിറകുകള്‍ സ്വപ്നം കണ്ട മനുഷ്യന്‍ ചില യന്ത്രങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ ശ്രമങ്ങളെല്ലാം വിഫലമായി. ബലൂണുകള്‍ക്കും ഗ്ലൈഡറുകള്‍ക്കും പിന്നാലെ യന്ത്രമുപയോഗിച്ചുള്ള വിമാനം പറത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടെ ഇരുന്നു. ആകാശത്ത് നിയന്ത്രിച്ച് നിര്‍ത്താനാവാതെ അവ നിലംതൊട്ടു. കാറ്റിന്റെ ഗതി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള വിമാന മാതൃക സൃഷ്ടിക്കാനായതാണ് ഓര്‍വില്‍ റൈറ്റിന്റെയും, വില്‍ബര്‍ റൈറ്റിന്റെയും വിജയരഹസ്യം. ശക്തിയേറിയതും ഭാരം കുറഞ്ഞതുമായ എന്‍ജിന്‍ ലഭ്യമല്ലാത്തതിനാല്‍ സൈക്കിള്‍ വില്‍പ്പനക്കാരായ ഇരുവരും ചേര്‍ന്ന് പുതിയ എന്‍ജിന്‍ നിര്‍മ്മിച്ചു. 1903 ഡിസംബര്‍ 17 ന് രാവിലെ 10.30 ഓടെ നടന്ന ആദ്യ പരീക്ഷണം വേണ്ടത്ര വിജയമായില്ല. രണ്ടാമത്തെയും മൂന്നാമത്തെയും പരീക്ഷണവും ലക്ഷ്യത്തിലെക്കെത്തിയില്ല. 12 മണിയോടെ വില്‍ബര്‍ പറത്തിയ വിമാനം 59 സെക്കന്‍ഡ് പറന്നു. 852 അടിയായിരുന്നു ദൂരം. ആദ്യ പരീക്ഷണത്തിന് ശേഷം 1905 ല്‍ റൈറ്റ് സഹോദരന്‍മാര്‍ പരിഷ്കരിച്ച വിമാന എന്‍ജിന് രൂപം നല്‍കി. വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് അതോടെ തുടക്കമായി. മാനരാശിക്ക് കുതിപ്പ് പകര്‍ന്ന വിമാനത്തില്‍ നിന്നു തന്നെയാണ് ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് വര്‍ഷിച്ചത് ചരിത്രത്തിലെ കറുത്ത അധ്യായമാണ്. നൂറുകണക്കിന് പേരെ വഹിക്കാവുന്ന യാത്രാവിമാനങ്ങളും ചരക്ക് വിമാനങ്ങളും പിറവികൊണ്ടു. പ്രതിരോധ രംഗത്തും വ്യോമസേന പ്രബലമായി. വ്യോമയാനരംഗം ഓരോ രാജ്യത്തിന്റെയും മുഖ്യ വരുമാന ശ്രോതസ്സുകളിലൊന്നായി മാറി.