ലൈകിനായി കുഞ്ഞിനെ പതിനഞ്ചാം നിലയില്‍ നിന്നും പുറത്തേക്ക് തൂക്കിയിട്ടു
രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ ലൈകിനായി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് പലരും എത്തിയെന്ന് തെളിയിക്കുന്നതാണ് അള്‍ജീരിയയില്‍ നിന്നുള്ള ഈവാര്‍ത്ത. പതിനഞ്ചാം നിലയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് തൂക്കിപിടിക്കുന്ന ചിത്രമാണ് അള്‍ജീരിയക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. '1000 ലൈക്ക്, അല്ലെങ്കില്‍ ഇവനെ താഴേക്കിടും' എന്നായിരുന്നു ചിത്രത്തിന് ഇയാള്‍ നല്‍കിയ അടിക്കുറിപ്പ്.
അള്‍ജീരിയന്‍ വെബ് സൈറ്റായ അല്‍ അറേബ്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലായിരുന്നു സംഭവം നടന്നത്. ഇയാളുടെ വിഡ്ഢിത്തരം സോഷ്യല്‍മീഡിയയില്‍ അതിവേഗത്തില്‍ പ്രചരിച്ചു. സോഷ്യല്‍മീഡിയയിലെ കുപ്രസിദ്ധിക്കൊപ്പം ഇയാള്‍ക്കെതിരെ ബാല നീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
വിവാദ ചിത്രത്തിലെ കുഞ്ഞിന്റെ ബന്ധുവാണ് ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമാശക്കാണ് ഈ ചിത്രം ഫേസ്ബുക്കിലിട്ടതെന്നാണ് ഇയാള്‍ പറയുന്നത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ബാല്‍ക്കണിയില്‍ വെച്ച് എല്ലാ സുരക്ഷയും കണക്കിലെടുത്താണ് ചിത്രമെടുത്തതെന്നും വിശദീകരിക്കുകയും ചെയ്തു. ചിത്രം കണ്ട് ഞെട്ടിയ ചില ഫേസ്ബുക്ക് ഉപഭോക്താക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.