ഗ്വാണ്ടനാമോ തടവുകാരെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നു
91 തടവുകാരാണ് നിലവില്‍ ഗ്വാണ്ടനാമോയില്‍ ഉള്ളത്. 10 വര്‍ഷത്തിലേറെക്കാലമായി വിചാരണ പോലുമില്ലാതെ ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്
ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തടവുകാരെ രണ്ടു രാജ്യങ്ങളിലേക്ക് മാറ്റും. അടുത്ത ഏതാനും ദിവസത്തിനകം കൈമാറ്റം നടക്കുമെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ദീര്‍ഘകാലമായി നിരാഹാരം കിടക്കുന്ന യമന്‍ പൗരന്‍ താരിഖ് ബാ ഓദയും ഗ്വാണ്ടനാമോയില്‍നിന്ന് പുറത്തുവരുന്നവരില്‍ പെടും. തീവ്രവാദികളെന്ന് ആരോപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയവരെ പാര്‍പ്പിച്ചിരിക്കുന്ന ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു.91 തടവുകാരാണ് നിലവില്‍ ഗ്വാണ്ടനാമോയില്‍ ഉള്ളത്. 10 വര്‍ഷത്തിലേറെക്കാലമായി വിചാരണ പോലുമില്ലാതെ ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ബുഷാണ് ഗ്വാണ്ടനാമോ തടവറ ഒരുക്കിയത്. ക്രൂരമായ പീഡനമുറകളാണ് യു.എസ് ഉദ്യോഗസ്ഥര്‍ ഇവിടെ തടവുകാര്‍ക്കെതിരെ പുറത്തെടുത്തത്. തടങ്കല്‍പാളയം അടച്ചുപൂട്ടുന്നതിനെതിരെ റിപ്പബ്ലിക്കാന്‍ പാര്‍ട്ടിയും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില അംഗങ്ങളും ശക്തമായി രംഗത്തുണ്ട്. എന്നാല്‍ അമേരിക്കയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ച ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ഒബാമ തയാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.