യോഷിനോരി ഒഷുമിക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍
വൈദ്യശാസ്ത്രത്തിനുള്ള നൊബേലിനാണ് ഒഷുമി അര്‍ഹനായത്.
ജാപ്പനീസ് ഗവേഷകനായ യോഷിനോരി ഒഷുമിക്ക് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‍കാരം. വൈദ്യശാസ്ത്രത്തിനുള്ള നൊബേലിനാണ് ഒഷുമി അര്‍ഹനായത്. കോശങ്ങളുടെ സ്വയം നാശത്തേക്കുറിച്ചുള്ള പഠനമാണ് ഒഷുമിയെ നൊബേല്‍ പുരസ്‍കാരത്തിന് അര്‍ഹനാക്കിയത്.
ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ് ഇദ്ദേഹം. സ്വയം വിഴുങ്ങുക എന്നര്‍ഥം വരുന്ന ഓട്ടോഫാഗി എന്ന ശാരീരിക പ്രതിഭാസത്തെ കുറിച്ചാണ് ഒഷുമിയുടെ പഠനം. കൃത്യമായ ഇടവേളകളില്‍ ആവശ്യമില്ലാത്ത കോശങ്ങളെ നശിപ്പിക്കുന്ന ശരീരത്തിന്റെ പ്രതിഭാസത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് ഒഷുമിയുടെ പഠനത്തില്‍ കണ്ടെത്തിയത്. അര്‍ബുദം മുതല്‍ ഞരമ്പുകളെ ബാധിക്കുന്ന രോഗം വരെയുള്ള ശാരീരികാവസ്ഥകളെ കുറിച്ചുള്ള പഠനത്തിന് സഹായമാകുന്നതാണ് ഒഷുമിയുടെ കണ്ടെത്തലുകള്‍.
ഉപയോഗശൂന്യമായ കോശഭാഗങ്ങള്‍ സ്വയം നശിക്കുന്ന പ്രക്രിയ കോശങ്ങളിലുണ്ടെന്ന് ശാസ്ത്രലോകം 1960കളില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നല്‍ യോഷിനോരിയുടെ ഓട്ടോഫാജ് ജീനുകളെക്കുറിച്ചുള്ള കണ്ടെത്തലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങളിലേക്ക് വഴിതുറന്നതെന്ന് നൊബേല്‍ പുരസ്കാര കമ്മിറ്റി നിരീക്ഷിച്ചു. ഭക്ഷണം ലഭിക്കാത്ത അവസ്ഥ, മനസംഘര്‍ഷം, പ്രായാധിക്യം എന്നിവ മൂലം കോശഭാഗങ്ങള്‍ ഉപയോഗശൂന്യമാകുമ്പോള്‍ പ്രോട്ടീനുകളുള്‍പ്പടെയുള്ള അത്തരം കോശഭാഗങ്ങളെ കോശങ്ങള്‍ തന്നെ ഒരു സഞ്ചി പോലെ പൊതിഞ്ഞ് ലൈസോസോം എന്ന പ്രത്യേക ഭാഗത്ത് വെച്ച് നശിപ്പിക്കുയോ പുനരുല്‍പാദിപ്പിക്കുകയോ ചെയ്യുന്നതായാണ് യോഷിനോരിയുടെ കണ്ടെത്തല്‍. യീസ്റ്റ്കോശങ്ങളിലാണ് യോഷിനോരി പരീക്ഷണം നടത്തിയത്. 1988ലാരംഭിച്ച പരീക്ഷണഫലം 1992ലാണ് പുറത്ത് വന്നത്.
1945 ല്‍ ജപ്പാനിലെ ഫുകോകയിലാണ് ഒഷുമിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1967 ല്‍ ടോക്കിയോ യൂണിവേഴ്‍സിറ്റിയില്‍ നിന്നും ജീവശാസ്ത്രത്തില്‍ ബിരുദം നേടി. 1974 ല്‍ ഇവിടെ നിന്നു തന്നെ ഉപരിപഠനവും പൂര്‍ത്തിയാക്കി. 1974 മുതല്‍ 77 വരെ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്ഫെല്ലര്‍ യൂണിവേഴ്‍സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. 1977 ല്‍ ടോക്കിയോ യൂണിവേഴ്‍സിറ്റിയിലേക്ക് ഗവേഷക സഹായി ആയാണ് ഒഷുമി മടങ്ങിയെത്തിയത്. 1986 ല്‍ ലക്ചററായി നിയമനം ലഭിച്ചു. 1988 ല്‍ അസോസിയേറ്റ് പ്രഫസറായി സ്ഥാനക്കയറ്റം. 1996 ല്‍ ഒകസാകി സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് ബയോളജിയിലേക്ക് മാറി. 2004 മുതല്‍ 2009 വരെ ഹയാമയിലെ ഗ്രാജുവേറ്റ് യൂണിവേഴ്‍സിറ്റി ഫോര്‍ അഡ്‍വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. ഗവേഷണരംഗത്ത് വിസ്‍മയകരമായ കണ്ടെത്തലുകള്‍ക്ക് അദ്ദേഹത്തെ തേടി നിരവധി പുരസ്‍കാരങ്ങളുമെത്തിയിട്ടുണ്ട്.