പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 മരണം
രണ്ടു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ അപകടമാണിത്.
പാകിസ്താനിലെ കറാച്ചിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ മരിച്ചു. 40 ലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ടു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ അപകടമാണിത്. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിന്നു യാത്രക്കാരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സക്കരിയ എക്സ്‍പ്രസും ഫരീദ് എക്സ്‍പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. സംഭവത്തെ തുടര്‍ന്ന് കറാച്ചിയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാതയിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ലാന്‍ഡി റെയില്‍വെ സ്റ്റേഷനു സമീപമാണ് രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് കറാച്ചി സീനിയര്‍ പൊലീസ് ഓഫീസര്‍ ജാവന്‍ അക്ബര്‍ റിയാസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബറില്‍ പഞ്ചാബ് പ്രവിശ്യയിലെ മുട്ടാനിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ നാലു പേര്‍ മരിക്കുകയും 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.