മാജിക് പെന്‍സില്‍ വായിക്കാന്‍ മലാലയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു

Update: 2018-05-20 10:27 GMT
Editor : Jaisy
മാജിക് പെന്‍സില്‍ വായിക്കാന്‍ മലാലയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു
Advertising

മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് ‘മലാലാസ് മാജിക് പെന്‍സില്‍

തന്റെ ആശയങ്ങളെ വീണ്ടും ലോകം വായിക്കാന്‍ പോകുന്ന സന്തോഷത്തിലാണ് നോബേല്‍ പുരസ്കാര ജേതാവായ മലാല യൂസുഫ് സായി. മാജിക് പെന്‍സില്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബറിലാണ് പുറത്തിറങ്ങുന്നത്. മകളുടെ പുസ്തകം വായിക്കാന്‍ ഇംഗ്ലീഷ് പഠിക്കുന്നതിലുള്ള തിരക്കിലാണ് മലാലയുടെ അമ്മ. അമ്മയുടെ ചിത്രം മലാല തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘വളരെ സന്തോഷമുണ്ട്. ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരി’- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി മലാല ട്വീറ്റ് ചെയ്തു.

താലിബാന്‍ ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയും സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് ‘മലാലാസ് മാജിക് പെന്‍സില്‍. ‘ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയുന്ന, നഗരത്തില്‍ മാലിന്യകൂമ്പാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതല്‍ സമയം ഉറങ്ങാന്‍ സഹായിക്കുന്ന ഒരു മാജിക് പെന്‍സിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ് മലാലാസ് മാജിക് പെന്‍സില്‍ പറയുന്നത്. എന്നാല്‍ വലുതായപ്പോള്‍ തന്റെ ആഗ്രഹം വെറും കൌതുകം മാത്രമാണെന്നും, ഇതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ വേറെയുണ്ടെന്നും അവള്‍ മനസിലാക്കുന്നു. വലിയൊരു മാറ്റം വേണ്ടുന്ന ഒരു ലോകം അവള്‍ മുന്നില്‍ കാണുന്നു. ഇതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

പതിനേഴാമത്തെ വയസ്സിലാണ് മലാലക്ക് നോബല്‍ സമ്മാനം ലഭിച്ചത്. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല. മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയായ 'ഞാൻ മലാലയാണ് ഈ കൊച്ചുമിടുക്കിയുടെ ആദ്യ പുസ്തകം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News