സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പറയേണ്ടത് സര്‍ക്കാരല്ല; നിഖാബ് നിരോധത്തിനെതിരെ ജസ്റ്റിന്‍ ട്രൂഡോ
സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രരീതിയായ നിഖാബ് നിരോധിച്ച് കാനഡയിലെ ക്യുബക് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയതിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
സ്ത്രീകള്‍ എന്ത് ധരിക്കണമെന്നോ എന്ത് ധരിക്കരുതെന്നോ തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സ്ത്രീകള്‍ മുഖം മറയ്ക്കുന്ന വസ്ത്രരീതിയായ നിഖാബ് നിരോധിച്ച് കാനഡയിലെ ക്യുബക് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കിയതിനെയാണ് ട്രൂഡോ വിമര്‍ശിച്ചത്.
സ്കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി പൊതുസ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചാണ് ക്യുബക് സര്‍ക്കാര്‍ നിയമം പാസ്സാക്കിയത്. നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. മുസ്‍ലിം സ്ത്രീകളെയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് ഇതിനകം വിമര്‍ശം ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം മോണ്ട്രിയലില്‍ ഒരു സംഘം ആളുകള്‍ മുഖം മറച്ച് പ്രതിഷേധ പ്രകടനം നടത്തി.
സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമെതിരാണ് ഇത്തരം നിയമങ്ങളെന്ന് ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സര്‍ക്കാര്‍ എന്ന നിലയില്‍ നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖം മറയ്ക്കുന്നത് നിരോധിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കായാണ് എന്നാണ് ക്യുബക് സര്‍ക്കാരിന്‍റെ വാദം.