വൈദ്യുതി ക്ഷാമം രൂക്ഷം; വെനസ്വേലന്‍ പൊതുമേഖല ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി
വൈദ്യുതി ലാഭിക്കുന്നതിനായി പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഉത്തരവിറക്കിയത്.
വെനസ്വേലയില്‍ കടുത്ത വരളച്ചയെ തുടര്‍ന്നുണ്ടായ വൈദ്യുതി ക്ഷാമം മൂലം പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ആഴ്ചയില്‍ രണ്ടുദിവസം മാത്രമാക്കി. വൈദ്യുതി ലാഭിക്കുന്നതിനായി പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഉത്തരവിറക്കിയത്.
വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതോടെ പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് ഇനി ആഴ്ചയില്‍ തിങ്കളും ചൊവ്വയും മാത്രമാണ് തൊഴില്‍ ദിനങ്ങള്‍. തൊഴിലാളികള്‍ക്ക് വെള്ളിയാഴ്ചകളിലും അവധി നല്‍കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. മെയ് അവസാനം വരെയാണ് ഇത് നടപ്പാക്കുക. എന്നാല്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും. കൊടും വരള്‍ച്ചയാണ് രാജ്യം നേരിടുന്നത്. രാജ്യത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് താഴ്ന്ന നിലയിലാണ് . രാജ്യത്തെ 3കോടി ജനങ്ങളെയാണ് വരള്‍ച്ച ബാധിച്ചിരിക്കുന്നത്. രാജ്യത്ത് സാമ്പത്തികമേഖലയും പ്രതിസന്ധിയിലാണ്. മരുന്നുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിടുകയാണ്. ആസൂത്രണത്തിലെ അപാകതയാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.