ജെറുസലേമില്‍ പുതിയ എംബസി ഈ വര്‍ഷം മെയില്‍ തുടങ്ങുമെന്ന് അമേരിക്ക
എംബസി പ്രവര്‍ത്തനം തുടങ്ങുന്നത് ഇസ്രായേല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍
ഇസ്രേയലിലെ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഈ വര്‍ഷം മെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ സ്വാതന്ത്ര പ്രഖ്യാപനത്തിന്റെ എഴുപതാം വാര്‍ഷികത്തിലായിരിക്കും എംബസി പ്രവര്‍ത്തനം ആരംഭിക്കുക. തീരുമാനം ചരിത്രപരമായ കാല്‍വെപ്പാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
2018ല്‍ മെയില്‍ തന്നെ അമേരിക്കന്‍ എംബസി ജെറുസലേമില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അമേരിക്കന്‍ തീരുമാനം. 1948ല്‍ ഇസ്രായേല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ വാര്‍ഷികദിനത്തിലായിരിക്കും എംബസി പ്രവര്‍ത്തനം തുടങ്ങുക. നേരത്തെ തീരുമാനിച്ചതിനേക്കാള്‍ നേരത്തെയാകും എംബസി പ്രവര്‍ത്തനം തുടങ്ങുന്നത്. 2019 ജനുവരിയില്‍ പുതിയ എംബസി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞിരുന്നത്. ഇസ്രായേല്‍ സ്ഥാപക ദിനത്തില്‍ തന്നെ എംബസി പ്രവര്‍ത്തനമാരംഭിക്കാനുള്ള അമേരിക്കന്‍ തീരുമാനം ഏറ്റവും ശരിയായതും നീതിയുക്തവുമായ തീരുമാനമാണെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ്‍ വകുപ്പ് മന്ത്രി കാറ്റ്സ് ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രതികരിച്ചു.
എന്നാല്‍ തീരുമാനത്തില്‍ ഫലസ്തീന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. മെയ് പതിനഞ്ച് നഖ്ബാ ദിനം അഥവാ മഹാവിപത്ത് സംഭവിച്ച ദിനമായാണ് ഫലസ്തീന്‍ ആചരിക്കുന്നത്. ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് 1947നും 1949നുമിടയില്‍ ഏഴ് ലക്ഷത്തിലധികം ഫലസ്തീന്‍ പൌരന്മാരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. നഖ്ബാ ദിനത്തില്‍ എംബസി മാറ്റാനുള്ള തീരുമാനം അമേരിക്ക മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഫലസ്തീന്‍ വക്താവ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് തര്‍ക്കം നിലനില്‍ക്കുന്ന ജറുസലേമിനെ അമേരിക്ക ഏകപക്ഷീയമായി ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത്. തീരുമാനം ആഗോളതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.