പശു, ലോകത്തിലെ ഏറ്റവും വലിയ സസ്തനി!

Update: 2018-05-21 17:19 GMT
പശു, ലോകത്തിലെ ഏറ്റവും വലിയ സസ്തനി!
Advertising

ആന, കണ്ടാമൃഗം, ജിറാഫ്, കാട്ടുപോത്ത് തുടങ്ങിയ സസ്തനികളിലെ വമ്പന്മാര്‍ ഇക്കാലത്തിനുള്ളില്‍ വംശനാശം നേരിടുമെന്നതാണ് പശുവിനെ...

ലോകത്തിലെ ഏറ്റവും വലിയ സസ്തനിയേതെന്ന ചോദ്യത്തിന് ഇരുന്നൂറ് വര്‍ഷത്തിനുള്ളില്‍ തന്നെ പശുവെന്ന് ഉത്തരം പറയേണ്ടി വരുമെന്ന് ശാസ്ത്രലോകം. ആന, കണ്ടാമൃഗം, ജിറാഫ്, കാട്ടുപോത്ത് തുടങ്ങിയ സസ്തനികളിലെ വമ്പന്മാര്‍ ഇക്കാലത്തിനുള്ളില്‍ വംശനാശം നേരിടുമെന്നതാണ് പശുവിനെ ഏറ്റവും വലിയ സസ്തനിയാക്കി മാറ്റുക.

അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം സയന്‍സ് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ പിറവിയെടുത്ത് ഭൂമി മുഴുവന്‍ വ്യാപിച്ച മനുഷ്യ കുലത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വലിയ സസ്തനികളെ നാശത്തിലേക്ക് നയിക്കുന്നതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മനുഷ്യന്റെ കുടിയേറ്റം വ്യാപിച്ചതിനെ തുടര്‍ന്നാണ് സേബര്‍ ടൂത്ത് കടുവ, മാമത്ത്, ജയന്റ് സ്ലോത്ത്, ഗ്ലിപ്‌റ്റോഡണ്‍, വൂളി റൈനോസറസ്, തുടങ്ങിയ വലിയ ജീവിവര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമായത്. ഈ നിരയിലേക്ക് ഇനിയും സസ്തനികള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യന്‍ ഭക്ഷണത്തിനായി വലിയ ജീവികളെ ലക്ഷ്യം വച്ചു തുടങ്ങിയതോടെയാണ് പല വലിയ ജീവിവര്‍ഗ്ഗങ്ങളും ഇല്ലാതായത്. 1,25,000 വര്‍ഷത്തെ മാറ്റം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വടക്കേ അമേരിക്കയില്‍ മനുഷ്യന്‍ എത്തിയതിന് ശേഷം സസ്തനികളുടെ ശരാശരി ഭാരം 98 കിലോയില്‍ നിന്നും വെറും 7.6 കിലോഗ്രാമായാണ് കുറഞ്ഞത്. ഇതേ പ്രവണത തുടര്‍ന്നാല്‍ ഏകദേശം 900 കിലോഗ്രാമോളം ഭാരം വരുന്ന വളര്‍ത്തു പശുക്കളായിരിക്കും ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളെന്നും പഠനം പറയുന്നു.

Tags:    

Similar News