അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Update: 2018-05-22 19:37 GMT
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
Advertising

അമേരിക്കയിലെ ഷാര്‍ലെറ്റില്‍ കറുത്തവര്‍ഗക്കാരനായ കീത്ത് സ്കോട്ടിനെ പൊലീസ് വെടിവെച്ച് കൊന്നതിന്റെ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടു.

അമേരിക്കയിലെ ഷാര്‍ലെറ്റില്‍ കറുത്തവര്‍ഗക്കാരനായ കീത്ത് സ്കോട്ടിനെ പൊലീസ് വെടിവെച്ച് കൊന്നതിന്റെ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടു. കീത്ത് സ്കോട്ട് നിരായുധനാണെന്ന ഭാര്യയുടെ വാക്കുകള്‍ വകവെക്കാതെ പൊലീസ് വെടിവെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതിനിടെ യുഎസ് കോണ്‍ഗ്രസ് അംഗം റോബര്‍ട്ട് പിറ്റെഞ്ചെര്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി.

ചൊവ്വാഴ്ചയാണ് പൊലീസിന്റെ വെടിയേറ്റ് കറുത്തവര്‍ഗക്കാരനായ കീത്ത് സ്കോട്ട് കൊല്ലപ്പെട്ടത്. സ്കോട്ട് നിരായുധനായിരുന്നെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് കുടുംബം പുറത്ത് വിട്ടത്. സ്കോട്ട് യാതൊരു ഉപദ്രവും ഉണ്ടാക്കില്ലെന്നും വെടിവെക്കരുതെന്നും ഭാര്യ റാകിയ സ്കോട്ട് പൊലീസുകാരോട് ആവശ്യപ്പെടുന്നുണ്ട് . എന്നാല്‍ ഇത് വകവെക്കാതെ പൊലീസ് സ്കോട്ടിന് നേരെ വെടിവെച്ചുവെന്നാണ് സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തോക്കുമായി ആക്രമിക്കാന്‍ വന്നതിനെ തുടര്‍ന്നാണ് സ്കോട്ടിന് നേരെ വെടിവെച്ചതെന്നാണ് പൊലീസ് വാദം. ഇത് തെളിയിക്കാന്‍ കഴിയുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടാന്‍ സ്കോട്ടിന്റെ കുടുംബം പൊലീസിനെ വെല്ലുവിളിച്ചു.

Full View

അതിനിടെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഷാര്‍ലെറ്റില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിന് നേരിയ അയവുവന്നെങ്കിലും നിരോധാജ്ഞ മറികടന്ന് പ്രതിഷേധ പ്രകടങ്ങള്‍ തുടരുകയാണ് . 'ഞങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനങ്ങള്‍ നടക്കുന്നത്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഈ വര്‍ഷം യുഎസില്‍ കൊല്ലപ്പെടുന്ന 214മത്തെ കറുത്ത വര്‍ഗക്കാരനാണ് കീത്ത് സ്കോട്ട്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസ് അംഗം റോബര്‍ട്ട് പിറ്റെഞ്ചര്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി. കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം വെളുത്തവരെ വെറുക്കുന്നതുകൊണ്ട് മാത്രമാണെന്നായിരുന്നു റോബര്‍ട്ട് പിറ്റെഞ്ചറുടെ വിവാദ പരാമര്‍ശം.

Tags:    

Similar News