അബൂ അബ്ദുല്ല അല്‍ കുവൈത്തി ഇറാഖില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇറാഖ് വാർത്താ ഏജൻസിയെ ഉദ്ധരിച്ചു അൽ റായ് പത്രമാണ് റിപ്പോർട്ട് ചെയ്തത്
ഐഎസ് ഭീകരരുടെ ആയുധ പരിശീലകനും കുവൈത്ത് പൗരനുമായ അബൂ അബ്ദുല്ല അൽ കുവൈത്തി ഇറാഖിലെ മൂസിലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . ഇറാഖിലെ പടിഞ്ഞാറൻ മൂസിലിൽ അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തിൽ അബൂ അബ്ദുല്ല അൽ കുവൈത്തി കൊല്ലപ്പെട്ടതായി ഇറാഖ് വാർത്താ ഏജൻസിയെ ഉദ്ധരിച്ചു അൽ റായ് പത്രമാണ് റിപ്പോർട്ട് ചെയ്തത് .
ഇഖാഖിൽ ഐ എസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നയാളാണ് കൊല്ലപ്പെട്ട അബൂഅബ്ദുല്ല . ആയുധം ഉപയോഗിക്കുന്നതിലും പരിശീലനം നൽകുന്നതിലും വിദഗ്ധനായിരുന്ന ഇയാളുടെ മരണം ഇറാഖിലെ ഐ എസ് പാളയത്തിൽ ശക്തമായ ആഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . 2014 മുതൽ ഐ.എസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന മൂസിൽ മേഖലയുടെ മോചനം അബൂ അബ്ദുല്ലയുടെ മരണത്തോടെ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് സഖ്യസേന സഖ്യസേനയുടെ ആക്രമണത്തിൽ ഇറഖിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് അബൂ അബ്ദുല്ല അൽ കുവൈത്തി.
രണ്ട് വർഷം മുമ്പ് യൂഫ്രട്ടീസ് നദീ തീരത്തുണ്ടായ സഖ്യസേനാ ആക്രമണത്തിൽ ഐ.എസ് നേതാവായ അബൂ ജൻദൽ അൽ കുവൈത്തി കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സഹോദരൻ അലി ഹുസൈൻ അൽ ദുഫൈരി ഐ.എസ് ബന്ധത്തിന്റെ പേരിൽ രണ്ടാഴ്ച മുമ്പ് ഫിലിപ്പീനിൽ പിടിയിലായിരുന്നു സുലൈബീകാത്തുൾപ്പെടെ കുവൈത്തിലെ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ സംഘടിപ്പിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫിലിപ്പീനിൽനിന്ന് കുവൈത്തിലെത്തിച്ച ദുഫൈരിയെ രാജ്യ രക്ഷാ വിഭാഗം ചോദ്യം ചെയ്തു വരികയാണ് .