കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍.
മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍. കഴിഞ്ഞ മാസമാണ് 66 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം നടന്നത്.
പാരീസില്‍ നിന്ന് ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്കുള്ള യാത്രാമധ്യേയാണ് ഈജിപ്ഷ്യന്‍ എയര്‍ വിമാനം എ-320 മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണത്. പരിശോധനയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ലഭിച്ചത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞതായി അന്വേഷണ കമ്മിറ്റി അറിയിച്ചു. അത്യാധുനിക സൌകര്യമുള്ള കപ്പലിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് വിമാനം തകര്‍ന്നുവീണ സ്ഥലം തിരിച്ചറിഞ്ഞത്. അന്വേഷണ സംഘം ഉടന്‍ തന്നെ ലഭ്യമായ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ രേഖാചിത്രങ്ങള്‍ തയാറാക്കും. വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിമാനത്തിന്റെ ഏത് ഭാഗമാണ് കണ്ടെത്തിയതെന്നോ അതില്‍ റെക്കോര്‍ഡറുകള്‍ ലഭ്യമായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഡാറ്റാ റെക്കോര്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കാന്‍ കടലിന്റെ അടിത്തട്ടില്‍ ഇനിയും പരിശോധന നടത്തേണ്ടിവരും. വിമാനാപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂണ്‍ 24ന് കാലാവധി തീരുന്ന റെക്കോര്‍ഡറിന്റെ സഹായം അനിവാര്യമായിരിക്കും.