ഓങ് സാങ് സ്യൂകിക്ക് നല്‍കിയ ബഹുമതി ബ്രിട്ടീഷ് യൂണിയന്‍ പിന്‍വലിച്ചു
സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്‍കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ തടവുകാരിയായിരിക്കുന്ന സമയത്ത് ഓങ് സാങ് സ്യൂകിക്ക് നല്‍കിയ ബഹുമതി ബ്രിട്ടണിലെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനായ യൂണിസണ്‍ പിന്‍വലിച്ചു. ബഹുമാനാര്‍ഥം നല്‍കിയ ആജീവനാന്ത അംഗത്വമാണ് സംഘടന പിന്‍വലിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്നത്തില്‍ സ്യൂകിയുടെ തണുപ്പന്‍ മനോഭാവത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. സൈനിക ഭരണത്തിലിരിക്കെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്ത നല്‍കിയ ബഹുമതികളുടെ കാര്യത്തില്‍ പുനപരിശോധന നടത്തിവരികയാണെന്ന് ബ്രിട്ടണിലെ പല സംഘടനകളും ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
മ്യാന്‍മാറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രശ്നം വേദനാജനകമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം സ്യൂകി ഉയരുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും യൂണിസണ്‍ പ്രസിഡന്‍റ് മാര്‍ഗററ്റ് മെക്കി പറഞ്ഞു. സ്യൂകിക്ക് ആദരപൂര്‍വ്വം സമ്മാനിച്ച ബിരുദം തിരിച്ചെടുക്ക കാര്യം പരിഗണിച്ച് വരികയാണെന്ന് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയും വ്യക്തമാക്കി.