ഉത്തരകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് അമേരിക്ക

Update: 2018-05-23 14:02 GMT
Editor : Jaisy
ഉത്തരകൊറിയയുമായി ചര്‍ച്ചക്കില്ലെന്ന് അമേരിക്ക
Advertising

ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ സമയമല്ലെന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ സഖ്യരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അമേരിക്ക വ്യക്തമാക്കി

ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ ഉത്തരകൊറിയയുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക. ചര്‍ച്ചകള്‍ നടത്താന്‍ അനുയോജ്യമായ സമയമല്ലെന്നും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്താന്‍ സഖ്യരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അമേരിക്ക വ്യക്തമാക്കി. അതേ സമയം ഉത്തരകൊറിയന്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങളെ ചൊല്ലി അന്താരാഷ്ട്ര തലത്തില്‍ തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് അമേരിക്ക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരകൊറിയയില്‍ തടവില്‍ കഴിയുന്ന അമേരിക്കന്‍ പൌരന്‍മാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ ഈ ഘട്ടത്തിലുണ്ടാകൂയെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉപരോധം ശക്തമാക്കുമെന്നും അമേരിക്ക അറിയിച്ചു. അതേ സമയം ഉത്തരകൊറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രംഗത്തെത്തി.ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തേണ്ട അവസരങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് ടില്ലേഴ്സണ്‍ പറഞ്ഞതെന്നും അനുയോജ്യമായ സമയത്ത് ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ നിലപാടിന് വിരുദ്ധമല്ല അതെന്നും മാറ്റിസ് പറഞ്ഞു. ഉത്തരകൊറിയക്കെതിരെ ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ജയിംസ് മാറ്റിസ് ആവര്‍ത്തിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News