ഇസ്രയേലിനെതിരെ രംഗത്തു വന്ന ഒബാമ സര്‍ക്കാറിനെതിരെ വിമര്‍ശവുമായി ട്രംപ്
ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ജോണ്‍ കെറി നടത്തിയ പ്രസംഗത്തിന് അല്‍പം മുമ്പായിരുന്നു ട്രംപിന്‍റെ പ്രസ്താവന.
ഫലസ്തീനില്‍ അനധികൃത കുടിയേറ്റം നടത്തുന്ന ഇസ്രയേലിനെതിരെ രംഗത്തുവന്ന ഒബാമ സര്‍ക്കാറിനെതിരെ വിമര്‍ശവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വിഷയത്തില്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ജോണ്‍ കെറി നടത്തിയ പ്രസംഗത്തിന് അല്‍പം മുമ്പായിരുന്നു ട്രംപിന്‍റെ പ്രസ്താവന.
തീവ്രവലതുപക്ഷ നിലപാടുള്ള അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസവും രംഗത്തുവന്നിരുന്നു. യുഎന്നില്‍ ഇസ്രായേലിനെതിരായ പ്രമേയം പാസായ ശേഷം ജനുവരി ഇരുപതിന് താന്‍ അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ മാറുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ നിലപാടെടുത്ത ഒബാമ സര്‍ക്കാറിനെതിരെ ട്രംപ് വിമര്‍ശവുമായി രംഗത്തെത്തിയത്.
ഇസ്രായേലിനെ അപമാനിക്കുന്ന രീതിയിലുള്ള നിലപാടുമായി മുന്നോട്ട് പോവാന്‍ കഴിയില്ല. അവര്‍ ദീര്‍ഘകാലമായി അമേരിക്കയുടെ സുഹൃത്താണ്. പക്ഷേ, ഇസ്രായേലിനെതിരെ ഉറച്ച നിലപാടാണ് ഇപ്പോള്‍ യുഎന്നിലുള്ളതെങ്കിലും ജനുവരി ഇരുപതിന് താന്‍ അധികാരമേല്‍ക്കുന്നതോടെ ഇത്തരം വിഷയങ്ങളില നിലപാടുകള്‍ മാറുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.