റഷ്യ -അമേരിക്ക നയതന്ത്രബന്ധത്തില്‍ വിള്ളല്‍

Update: 2018-05-24 17:05 GMT
റഷ്യ -അമേരിക്ക നയതന്ത്രബന്ധത്തില്‍ വിള്ളല്‍
Advertising

അമേരിക്കയില്‍ നിന്നുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി

റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നു. അമേരിക്കയില്‍ നിന്നുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. റഷ്യയില്‍ നിന്നുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ നടപടി.

മോസ്കോയിലെ അമേരിക്കന്‍ എംബസിക്ക് സമീപത്ത് വെച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ റഷ്യയുടെ പൊലീസ് ആക്രമിച്ചെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ആക്രമിക്കപ്പെട്ടെന്ന് അമേരിക്ക ആരോപിച്ച അതേ ഉദ്യോഗസ്ഥനെ തന്നെയാണ് റഷ്യ ഇപ്പോള്‍ പുറത്താക്കിയതും. എംബസിയിലെ മറ്റൊരു ഉദ്യോഗസ്ഥനേയും റഷ്യ പുറത്താക്കി. രണ്ട് പേരും സിഐഎ ഏജന്‍റാണെന്ന് ആരോപിച്ചാണ് റഷ്യയുടെ നടപടി.

നയതന്ത്ര പദവിക്ക് നിരക്കാത്ത പ്രവൃത്തി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ഗി റയബ്കോവ് വിശദീകരിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇതിന് മുമ്പും റഷ്യന്‍ പൊലീസ് അതിക്രമം നടത്തിയിട്ടുണ്ടെന്നും നയതന്ത്ര പരിരക്ഷ മറികടന്ന് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പലതവണ അതിക്രമിച്ച് കയറിയിട്ടുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബിയും വിശദീകരിച്ചു.

Tags:    

Similar News