ഗ്രീസിലെ അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്ന നടപടി തുടരുന്നു
ഗ്രീസിലെ ലെസ്ബോസിലുള്ള അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്ന നടപടി തുടരുന്നു. ഇതുവരെ 326 പേരെ തിരിച്ചയച്ചതായാണ് കണക്കുകള്‍.
ഗ്രീസിലെ ലെസ്ബോസിലുള്ള അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്ന നടപടി തുടരുന്നു. ഇതുവരെ 326 പേരെ തിരിച്ചയച്ചതായാണ് കണക്കുകള്‍. എന്നാല്‍ ഇതേ കാലയളവില്‍ 518 പുതിയ അഭയാര്‍ഥികളാണ് ഗ്രീസില്‍ എത്തിയത്.
പ്രതീക്ഷയോടെ ഓടി വന്ന തീരം തങ്ങളെ തിരിച്ചയക്കുമ്പോള്‍ അഭയാര്‍ഥികളില്‍ പലരുടെയും മുഖങ്ങളില്‍ നിരാശ പ്രകടമാണ്.
അഭയ സ്ഥാനം തേടി ഓടിപ്പോന്നതാണെങ്കിലും ഇപ്പോള്‍ പൊലീസ് അകമ്പടിയോടെയാണ് തുര്‍ക്കിയിലേക്കുള്ള മടക്കം. ഇവരില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയവരാണ്. പ്രത്യേകം തയ്യാറാക്കിയ ബസില്‍ തുറമുഖത്തെത്തിച്ച അഭയാര്‍ഥികളെ ഓരോരുത്തരെയായി പരിശോധനക്ക് വിധേയമാക്കിയ ശേഷം ബോട്ടില്‍ കയറ്റിയാണ് യാത്രയാക്കിയത്.
അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവരുമുണ്ട്. വെള്ളത്തിലിറങ്ങി ബോട്ടിന്‍റെ വടം പിടിച്ചുവെച്ചും മാര്‍ഗ തടസ്സം സൃഷ്ടിച്ചും കമ്പിവേലിക്ക് മുകളില്‍ കയറിയും തങ്ങളാലാവും വിധം പ്രതിഷേധിക്കുകയാണ് ഇവര്‍.
124 അഭയാര്‍ഥികളെയാണ് വെള്ളിയാഴ്ച മടക്കി അയച്ചത്. ഇവര്‍ തുര്‍ക്കിയില്‍ എത്തിയതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു.
111 പേര്‍ പാകിസ്താനില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഇറാഖില്‍ നിന്നും രണ്ട് പേര്‍ ബംഗ്ലാദേശില്‍ നിന്നും നാല് പേര്‍ ഇന്ത്യക്കാരുമാണ്. സിറിയന്‍ പൌരന്‍മാര്‍ കൂട്ടത്തില്‍ ഇല്ല. ഇതുവരെ 324 പേരെ തിരിച്ചയച്ചെങ്കില്‍ പുതുതായി എത്തിയ അഭയാര്‍ഥികള്‍ അതിലും കൂടുതലാണ്. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത്.