ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നാല് ലക്ഷം കവിഞ്ഞെന്ന് യുഎന്‍

Update: 2018-05-25 13:09 GMT
Editor : Subin
ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നാല് ലക്ഷം കവിഞ്ഞെന്ന് യുഎന്‍
Advertising

രാഖൈനില്‍ നിന്ന് പ്രതിദിനം 18,000 എന്ന തോതിലാണ് അഭയാര്‍ഥി പ്രവാഹമെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്രസഭ. രാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം അഭയാര്‍ഥികളാണ് ദിനേന എത്തുന്നതെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. അന്താരാഷ്ട്രസമൂഹത്തിന്റെ അടിയന്തരസഹായം ബംഗ്ലാദേശ് അഭ്യര്‍ത്ഥിച്ചു.

കേവലം മൂന്നാഴ്ചത്തെ കണക്കുകളാണിത്. രാഖൈനില്‍ നിന്ന് പ്രതിദിനം 18,000 എന്ന തോതിലാണ് അഭയാര്‍ഥി പ്രവാഹമെന്ന് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മ്യാന്‍മര്‍ ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ സ്ഥിതിഗതികള്‍ അത്ര ശാന്തമല്ല. ഉള്‍ക്കൊള്ളാവുന്നതിലും അധികമാണ് ഇവിടുത്തെ അഭയാര്‍ഥി ക്യാംപുകളുടെ ശേഷി. ഭക്ഷണവും വെള്ളവും, ഉടുക്കാന്‍ ഉടുതുണി പോലും പലര്‍ക്കും ഇല്ല.

സന്നദ്ധ പ്രവര്‍ത്തകരെത്തിക്കുന്ന സഹായത്തിനായി തിക്കും തിരക്കുമാണ്. പട്ടിണിമരണവും, തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളും സ്ത്രീകളും അടക്കം മരിക്കുന്നതും സാധാരണമാണ്.
ഈ സ്ഥിതി കണ്ടില്ലെന്ന് നടിക്കുന്നില്ല, ബംഗ്ലാദേശ് ഭരണകൂടം. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്, പ്രധാനമന്ത്രി ശൈഖ് ഹസീന അമേരിക്കയിലേക്ക് തിരിച്ചു.

അടുത്ത വ്യാഴാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ റൊഹിങ്ക്യന്‍ മുസ്ലീംകളുടെ വംശീയ ഉന്‍മൂലനത്തിന് കൂട്ടുനില്‍ക്കുന്ന മ്യാന്‍മറിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഹസീനയുടെ ആവശ്യം. പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറില്‍ പുനരധിവസിപ്പിക്കണം. മ്യാന്‍മറിലെ സ്ഥിതി വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘത്തെ നിയോഗിക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെടുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News