ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍
ഐക്യത്തിനായി എല്ലാ കൊറിയക്കാരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു.
ഐക്യ നീക്കം ശക്തിപ്പെടുത്തി ഉത്തര, ദക്ഷിണ കൊറിയകള്‍. ഐക്യത്തിനായി എല്ലാ കൊറിയക്കാരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു. അതിനിടെ ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള ആദ്യ ഉത്തര കൊറിയന്‍ സംഘം ദക്ഷിണ കൊറിയയിലെത്തി.
പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ഒരുമിച്ചു നീങ്ങാന്‍ അടുത്തിടെയാണ് ഇരു കൊറിയകളും നീക്കമാരംഭിച്ചത്. അര നൂറ്റാണ്ടിലധികമായി തുടരുന്ന ശത്രുത അവസാനിപ്പിക്കാന്‍ ഇരു കൊറിയകള്‍ക്കും അത്ര പെട്ടെന്ന് സാധ്യമാവില്ല എന്ന വിലയിരുത്തലുകള്‍ കാറ്റില്‍ പറത്തിയാണ് ഐക്യനീക്കങ്ങള്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് ചെവി കൊടുക്കാതെയും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും നിരന്തരം പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയ തന്നെയാണ് ഐക്യനീക്കങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് എന്നത് ഐക്യശ്രമങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ഇരു കൊറിയകളും ഐക്യപ്പെടുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ഇതിനായി ഇരുരാജ്യങ്ങളും തമ്മിലെ യാത്ര, ബന്ധം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഇരു ടീമുകളും ഒരുമിച്ച് ഒരേ പതാകക്ക് കീഴിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനും ഇരു കൊറിയകളും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു.
അതിനിടെ ശീതകാല ഒളിമ്പിക്സിനുള്ള ആദ്യ ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലെത്തി. 12 അംഗ വനിതാ ഐസ് ഹോക്കി താരങ്ങളും സംഘവുമാണ് അടുത്ത മാസം നടക്കുന്ന മത്സരത്തിന് എത്തിയിരിക്കുന്നത്. ഇവർ ദക്ഷിണ കൊറിയൻ താരങ്ങൾക്കൊപ്പം പരിശീലനം നടത്തി ഒരുമിച്ചാണ് മത്സരത്തിനിറങ്ങുക. ഐക്യത്തിനെതിരായ അമേരിക്കന്‍ ഭീഷണി നിലനില്‍ക്കുമ്പോഴും ഉത്തര, ദക്ഷിണ കൊറിയകള്‍ ഒന്നിച്ച് മുന്നോട്ടുപോവാനുള്ള തീരുമാനത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.