തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറിനെതിരായ പട്ടാള അട്ടിമറി നീക്കം പൊളിഞ്ഞു
സൈന്യത്തിലെ ഒരുവിഭാഗം നടത്തിയ നീക്കം സര്‍ക്കാര്‍ തകര്‍ത്തത് ജന പിന്തുണയോടെ
തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം പൊളിഞ്ഞു. ജനകീയ പിന്തുണയോടെയാണ് അട്ടിമറി ശ്രമം സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്. വ്യത്യസ്ത സംഘര്‍ഷങ്ങളില്‍ 20 പൊലീസുകാരടക്കം 60 പേര്‍ കൊല്ലപ്പെട്ടു. 754 സൈനികര്‍ അറസ്റ്റിലായി. ഏഴ് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അട്ടിമറി ശ്രമം തകര്‍ത്തതായി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
തുര്‍ക്കിയുടെ അധികാരം പിടിച്ചെടുത്തതായി അര്‍ധരാത്രി പട്ടാളം പ്രഖ്യാപിച്ചതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളവും പ്രധാന റോഡുകളും സൈന്യം അടച്ചതോടെ രാജ്യം സ്തംഭിച്ചു. അട്ടിമറി നീക്കം നേരിടാന്‍ തെരുവിലിറങ്ങാന്‍ പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്തതോടെ തുര്‍ക്കി സംഘര്‍ഷഭരിതമായി.
ആള്‍കൂട്ടം തെരുവുകളിലേക്ക് പ്രവഹിച്ചു. ഇതിനിടെ നാടകീയമായി ഇസ്താംബൂളില്‍ പറന്നിറങ്ങിയ ഉര്‍ദുഗാന്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ അനുകൂല സൈനികരെ രംഗത്തിറക്കിയ ഉര്‍ദുഗാന്‍ അട്ടിമറി നീക്കം നടത്തിയവരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏഴ് മണിക്കൂറ്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അട്ടിമറി ശ്രമം പരാജയപ്പട്ടതായി ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്‍ തന്നെയാണ് അധികാരം എന്നുറപ്പായതോടെ ജനങ്ങള്‍ രാജ്യമെമ്പാടും ആഹ്ലാദ പ്രകടനം നടത്തി. ഉര്‍ദുഗാന്‍ സര്‍ക്കാറിന് പിന്തുണയുമായി യൂറോപ്യന്‍ യൂണിയനും ലോകരാഷ്ട്രങ്ങളും രംഗത്തെത്തി.
ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഏക പാര്‍ട്ടി സര്‍ക്കാറിനെ അട്ടിമറിച്ച് തുര്‍ക്കിയുടെ ഭരണം പിടിച്ചെടുത്തതായാണ് സൈന്യം അവകാശപ്പെട്ടത്. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം ഭീകരാവസ്ഥ സൃഷ്ടിച്ചു. രാജ്യത്തെ പ്രമുഖ അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളം അടക്കുകയും മുഴുവന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. തുര്‍ക്കിയുടെ ഏഷ്യന്‍ യൂറോപ്യന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബോസ്ഫറസ്, ഫാതിഹ് സുല്‍ത്താന്‍ മെഹ്മത് പാലങ്ങളും അടച്ചു.
എന്നാല്‍ ഇത് വിഫല ശ്രമമാണെന്ന് പ്രസിഡണ്ട് ഉര്‍ദുഗാന്‍ പ്രതികരിച്ചു. സൈന്യത്തിലെ ഒരുവിഭാഗം മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത്. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും അട്ടിമറിശ്രമത്തിന് പിന്നിലുള്ളവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാന്‍ തുര്‍ക്കി ജനത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം പ്രതികരിച്ചു. അധികാരം സര്‍ക്കാറിന്റെ കയ്യില്‍ തന്നെയെന്നും ബിനാലി യില്‍ദ്രിം കൂട്ടിച്ചേര്‍ത്തു.
പട്ടാള അട്ടിമറി ശ്രമത്തിനിടെ തുര്‍ക്കിയില്‍ ഭീകരാന്തരീക്ഷമാണ് സൈന്യം സൃഷ്ടിച്ചത്. തുര്‍ക്കിയുടെ വിവിധ ഭാഗങ്ങള്‍ സംഘര്‍ഷാവസ്ഥയിലാണ്. തലസ്ഥാനമായ അങ്കാറയില്‍ 17 പൊലീസുകാര്‍വെടിയേറ്റ് കൊല്ലപ്പട്ടതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സൈന്യം ടാങ്കുകളിലും ഹെലികോപ്റ്ററുകളിലുമായി ഭീകരാവസ്ഥ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ജനാധിപത്യ സംരക്ഷണത്തിന് ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് പ്രസിഡണ്ട് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ജനാധിപത്യ സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ അട്ടിമറിക്കെതിരെ രംഗത്ത് വരണമെന്നും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലേക്ക് ഒഴുകുകയാണ്. അതേസമയം ഇസ്താംബൂളിലും അങ്കാറയിലും വെടിവെപ്പുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തെ എതിര്‍ത്ത് ലോകനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‍റൊവ് എന്നിവര്‍ ജനാധിപത്യ സര്‍ക്കാറിന് പിന്തുണ അറിയിച്ചു.
തുര്‍ക്കിയിലെ ജനാധിപത്യ സര്‍ക്കാറിന് പിന്തുണ അറിയിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രാജ്യത്ത് സമാധാനം ഉടന്‍ പുനഃസ്ഥാപിക്കാന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു. പട്ടാള അട്ടിമറി ശ്രമത്തെ എതിര്‍ത്ത് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവും രംഗത്തെത്തി. അക്പാര്‍ട്ടി സര്‍ക്കാറിന് പിന്തുണ അറിയിച്ച അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ തുര്‍ക്കിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യ സര്‍ക്കാറിന് പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു.