സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ അപ്പസ്തോലന് ഇന്ന് 90 വയസ്

Update: 2018-05-26 22:41 GMT
Editor : Alwyn K Jose
സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ അപ്പസ്തോലന് ഇന്ന് 90 വയസ്
Advertising

തൊണ്ണൂറാം വയസിലും ആഗോള വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദലിന്റെ വിജയകരമായ പ്രയോക്താവായിരുന്ന കാസ്ട്രോ.

ഇന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ ജന്‍മദിനം. തൊണ്ണൂറാം വയസിലും ആഗോള വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമാണ് സോഷ്യലിസ്റ്റ് രാഷ്ട്രീയ ബദലിന്റെ വിജയകരമായ പ്രയോക്താവായിരുന്ന കാസ്ട്രോ. ലോക രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത പോരാട്ട ചരിത്രമാണ്​ ഫിദല്‍ കാസ്​ട്രോയുടെ ജീവിതം. വിപ്ലവ പ്രവര്‍ത്തനങ്ങളും രാഷ്ട്രഭരണവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുമെല്ലാം ഇഴചേര്‍ന്ന 90 വര്‍ഷങ്ങള്‍.

ഇരുപത്തി ഏഴാം വയസില്‍ ക്യൂബന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തിയതോടെയുള്ള പോരാട്ടകാലം. 1953 ലെ മൊന്‍കാദാ ആക്രമണവും തുടരന്‍ന്നുള്ള ജയില്‍ വാസവും. ചരിത്രം തന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്ന് പ്രഖ്യാപിച്ച് 1955ല്‍ ജയില്‍ മോചനം. മെക്സിക്കോയില്‍ ചെഗുവേരയുമായുള്ള സമാഗമം. സിയറാ മയസ്ട്ര കേന്ദ്രീകരിച്ച് നടന്ന ഗറില്ലാ യുദ്ധങ്ങള്‍. ഇങ്ങനെ ചരിത്രത്തിലെ നിരവധി സുവര്‍ണ മുഹൂര്‍ത്തങ്ങള്‍. ബാറ്റിസ്റ്റയുടെ ഏകാധിപത്യഭരണകൂടത്തെ ജനകീയ വിപ്ലത്തിലൂടെ അട്ടിമറിച്ചാണ് 1959ല്‍ കാസ്ട്രോ അധികാരത്തിലെത്തുന്നത്.

1961 ല്‍ ക്യൂബയെ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ച് വിപ്ലവകരമായ നയപരിപാടികള്‍ നടപ്പാക്കി. ഇതോടെ അമേരിക്ക ക്യൂബക്കെതിരെ സമ്പൂര്‍ണ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി. ശീതയുദ്ധ രാഷ്ടീയം കൊച്ചു ക്യൂബയെച്ചൊല്ലി പലപ്പോഴും കൂടുതല്‍ നേര്‍ക്കുനേര്‍ നിന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ക്യൂബയുടെ പതനവും പലരും പ്രവചിച്ചു. എന്നാല്‍ മൂലധനരാഷ്ട്രീയാധിപത്യത്തിനിടയിലും സോഷ്യലിസ്റ്റ് ബദലിന്റെ പ്രതീകമായി ക്യൂബ പിടിച്ചു നിന്നു. 2008 ല്‍ അധികാരം സഹോദരന്‍ റൌണ്‍ കാസ്ട്രോക്ക് കൈമാറി വിശ്രമജീവിതത്തിലേക്ക് പിന്‍വാങ്ങും വരെ രാഷ്ട്രീയനയനിലപാടുകളില്‍ കാസ്ട്രോ വിട്ടുവീഴ്ച ചെയ്തില്ല. ഇപ്പോഴും ലോകത്തെ അധീശ്വത്വ വിരുദ്ധ പോരാട്ടങ്ങളുടെ ആവേശമുദ്രയാണ് ഫിദല്‍ കാസ്ട്രോ. സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ പ്രവാചകന്‍. സര്‍വോപരി പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരെയും സിഐഎയുടെ അറുനൂറോളം വധശ്രമങ്ങളെയും അതി ജീവിച്ച അമാനുഷന്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News