ഡയാന രാജകുമാരി വിവാഹത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Update: 2018-05-26 00:31 GMT
ഡയാന രാജകുമാരി വിവാഹത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍
Advertising

അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന-ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് പുതിയ വിവരങ്ങള്‍ ലോകമറിയുന്നത്

മരണത്തിന് മുന്‍പും പിന്‍പും വിവാദങ്ങളുടെ പ്രിയതോഴിയായിരുന്നു ഡയാന രാജകുമാരി. മരണശേഷവും ഡയാനയെക്കുറിച്ചുള്ള കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചാള്‍സ് രാജകുമാരനുമായി നടന്ന വിവാഹത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഡയാന തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചിരുന്നതായിട്ടാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. വിഷാദരോഗവുമായി അവര്‍ നടത്തിയ പോരാട്ടം, ചാള്‍സും അദ്ദേഹത്തിന്റെ കാമുകി കാമില്ലെയുമായുള്ള അവരുടെ ജീവിതം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ പുസ്തകത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.

‘വിഷാദരോഗം എന്നെ അലട്ടിയിരുന്നു. റേസര്‍ ബ്ലേഡ് ഉപയോഗിച്ച് എന്റെ കൈത്തണ്ട മുറിക്കാന്‍ ഞാന്‍ ശ്രമിച്ചു,’ എന്ന് ഡയാന രാജകുമാരി പറഞ്ഞതായി പുസ്തകത്തില്‍ അവകാശപ്പെടുന്നു. 1991ല്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശബ്ദലേഖനം ചെയ്യപ്പെട്ട ആത്മഹത്യ ടേപ്പുകള്‍ 20 വര്‍ഷം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ അന്‍ഡ്ര്യൂ മോര്‍ട്ടണ്‍ എഴുതിയ ‘ഡയാന-ഹെര്‍ ട്രൂ ലൗ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് പുതിയ വിവരങ്ങള്‍ ലോകമറിയുന്നത്.

വിവാഹശേഷം ഞാന്‍ വല്ലാതെ മെലിഞ്ഞിരുന്നു, എല്ലുകള്‍ പുറത്തുകാണാമായിരുന്നു. 1981 ഒക്ടോബര്‍ ആയപ്പോഴെക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി..ഡയാന പറയുന്നു. ചാള്‍സിന്റെ കാമുകിയായ കാമില ഡയാനയെ എപ്പോഴും അസ്വസ്ഥപ്പെടുത്തിയിരുന്നു. വിവാഹദിനത്തിന്റെ അന്ന് പള്ളിയില്‍ വച്ച് പോലും ഡയാന കാമിലയെ തിരഞ്ഞു. രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചാള്‍സിനോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും രാജകുമാരി പറയുന്നു. മധുവിധു കാലത്ത് പോലും എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നില്ല. കാമിലയായിരുന്നു എന്റെ പേടിസ്വപ്നം. ചാള്‍സിനെ തനിക്ക് വിശ്വാസമുണ്ടായിരുന്നില്ല..പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

തീര്‍ത്തും അസംപൃതമായ ദാമ്പത്യ ജീവിതത്തിനൊടുവില്‍ 1996 ആഗസ്ത് 28ന് അവര്‍ വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന കൊല്ലപ്പെടുകയും ചെയ്തു.

Tags:    

Similar News