രാഖൈന്‍ മേഖലയില്‍ റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
ഒരുമാസം നീളുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി എന്ന വിമത സംഘടന അറിയിച്ചു
മ്യാന്‍മറിലെ രാഖൈന്‍ മേഖലയില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ആയുധമെടുത്ത റോഹിങ്ക്യന്‍ വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരുമാസം നീളുന്ന വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി എന്ന വിമത സംഘടന അറിയിച്ചു.
ബുദ്ധ തീവ്രവാദികളുടേയും സൈന്യത്തിന്റേയും കൊടുംക്രൂരതകളില്‍ ആയിരക്കണക്കിനുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല ചെയ്യപ്പെട്ടത്. ലക്ഷക്കണക്കിനുപേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആയുധമെടുക്കാന്‍ തയ്യാറായഅർകൻ റോഹിങ്ക്യ സാൽവേഷൻ ആർമി അഥവാ എ.ആർ.എസ്.എ എന്ന സംഘടനയാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.റോഹിങ്ക്യ സാൽവേഷൻ ആർമി പ്രവര്‍ത്തകര്‍ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ആഗസ്ത് 25ന് രാഖൈനിൽ സൈന്യം കടന്നാക്രമണം നടത്തിയിരുന്നു. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ മൂന്ന ലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വിമതര്‍ മ്യാന്മർ സൈന്യവും ആയുധങ്ങൾ താഴെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു.