ദക്ഷിണ ചൈനാക്കടലില്‍ യുഎസ് പടക്കപ്പല്‍; മുന്നറിയിപ്പുമായി ചൈന
ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി അമേരിക്കക്കും ചൈനക്കുമിടയില്‍ വീണ്ടും തര്‍ക്കം ഉടലെടുക്കുന്നു. തര്‍ക്കമേഖലിയിലൂടെ യുഎസ് പടക്കപ്പല്‍ കടന്നുപോയത് അംഗീകരിക്കാവുന്നതല്ലെന്ന് ചൈന വ്യക്തമാക്കി.
ദക്ഷിണ ചൈനാക്കടലിനെ ചൊല്ലി അമേരിക്കക്കും ചൈനക്കുമിടയില്‍ വീണ്ടും തര്‍ക്കം ഉടലെടുക്കുന്നു. തര്‍ക്കമേഖലിയിലൂടെ യുഎസ് പടക്കപ്പല്‍ കടന്നുപോയത് അംഗീകരിക്കാവുന്നതല്ലെന്ന് ചൈന വ്യക്തമാക്കി. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്താനാണ് യുഎസ് ശ്രമമെന്നും ചൈന ആരോപിച്ചു.
ആറുമാസത്തിനിടെ രണ്ടാംതവണയും ദക്ഷിണ ചൈനാ കടല്‍ വഴി യുഎസ് പടക്കപ്പല്‍ കടന്നുപോയതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. തര്‍ക്കമേഖലയായ പാരസല്‍ ദ്വീപസമൂഹത്തിലെ ട്രൈറ്റണ്‍ ദീപ് വഴിയാണ് ശനിയാഴ്ച യുഎസ് പടക്കപ്പല്‍ കേര്‍ട്ടിസ് വില്‍ബര്‍ കടന്നുപോയത്. ഒക്ടോബറില്‍ ഈ മേഖലയിലൂടെ യുഎസ് യുദ്ധക്കപ്പല്‍ ലാസന്‍ കടന്ന് പോയിരുന്നു. സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്ന ന്യായീകരണമാണ് രണ്ട് തവണയും യുഎസ് ഉന്നയിച്ചത്. എന്നാല്‍ യുഎസ് നടപടി അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് ചൈന ആരോപിച്ചു. പ്രകോപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം യുഎസ് നേരിടേണ്ടിവരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. ചൈനക്ക് പുറമെ തായ്‌വാന്‍, വിയറ്റ്‌നാം , മലേഷ്യ , ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ദക്ഷിണ ചൈന കടലിലെ പാരസല്‍ ദ്വീപ സമൂഹം.