തൊഴില്‍ നിയമ പരിഷ്കരണം: ഫ്രാന്‍സില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായി
തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വര്‍ധിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന ആക്ഷേപവും
തൊഴില്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പുതിയ നിയമമെന്നാരോപിച്ചാണ് പ്രതിഷേധം. രാജ്യവ്യാപകമായി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
വ്യവസായികളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതും തൊഴിലാളി വിരുദ്ധവുമാണ് പുതിയ നിയമം എന്നാരോപിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പാരീസില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി.
പശ്ചിമ നഗരമായ നാന്‍റസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വടക്കന്‍ തുറമുഖമായ ലെ ഹാവറില്‍ പ്രതിഷേധക്കാര്‍ പ്രധാന പാതകള്‍ ഉപരോധിച്ചു. അക്രമത്തില് 24 പൊലീസുകാര്‍ക്കും മൂന്ന് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 124 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വര്‍ധിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. തൊഴിലാളികളുടെ വേതനം, വിശ്രമ സമയം, അധികസമയ വേതന നിരക്കുകള്‍ എന്നിവയില്‍ തൊഴിലുടമക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമത്തിലെ വ്യവസ്ഥകളെന്നും നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബര്‍ യൂണിയന്‍ പ്രതികരിച്ചു.
തൊഴിലാളി ദിനത്തില്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സഹായകമാകുന്നതാണ് പുതിയ നിയമമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ബില്‍ ചൊവ്വാഴ്ച അധോസഭയുടെ പരിഗണനക്ക് വരും.