ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി മോദി
ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ വിവിധ മേഖലകളിലുള്ള സഹകരണം ഊട്ടിയുറപ്പിക്കാനും ഇന്ത്യ ഫലസ്തീന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണയായി.
ഫലസ്തീന്‍ ജനതയുടെ താല്‍പര്യത്തിനൊപ്പം ഇന്ത്യ നിലയുറപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉടന്‍ തന്നെ ഫലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകുമെന്നാണ് പ്രതീക്ഷയെന്നും ഫല്‌സ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി പ്രതികരിച്ചു. റാമല്ലയില്‍നിന്ന് മടങ്ങുന്ന നരേന്ദ്ര മോദി രാത്രിയോടെ യുഎഇയിലെത്തും.
ഫലസ്തീന്‍ ജനതയുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുമെന്നറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കാനും മറന്നില്ല. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ വിവിധ മേഖലകളിലുള്ള സഹകരണം ഊട്ടിയുറപ്പിക്കാനും ഇന്ത്യ ഫലസ്തീന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. നേരത്തെ ജറൂസലേം തലസ്ഥാനമാക്കുന്ന പ്രമേയത്തിനെതിരെ ഇന്ത്യയുള്‍പ്പെടെ നൂറ് കണക്കിന് രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് ഫലസതീന്‍ രാഷ്ട്രമെന്ന ലക്ഷ്യത്തോട് ഇന്ത്യ ഐക്യപ്പെടുന്നതായുള്ള പ്രഖ്യാപനം. പശ്ചിമേഷ്യന്‍ സമാധാനം ഉറപ്പിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍തുടരേണ്ടതുണ്ടെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി.
റാമല്ലയില്‍നിന്ന് മടങ്ങുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം രാത്രി 8 മണിയോടെ യുഎഇയിലെത്തും. അബൂദബി കിരിടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുള്‍പ്പെടെയുള്ള നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പതിനാലോളം കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. പ്രസിഡന്‍ഷ്യല്‍ ഹൗസില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. നാളെ ദുബൈയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഒമാനിലേക്ക് തിരിക്കും.