ഗൊറില്ലാ കൂട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചുകൊന്നതിനെതിരെ പ്രതിഷേധം

Update: 2018-05-27 10:47 GMT
Editor : admin
ഗൊറില്ലാ കൂട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചുകൊന്നതിനെതിരെ പ്രതിഷേധം
Advertising

കുട്ടിയെ അപായപ്പെടുത്താന്‍ ഗൊറില്ലക്ക് ഉദ്ദേശമില്ലായിരുന്നെന്നും സംരക്ഷിക്കാനാണ് ഗൊറില്ല ശ്രമിച്ചതെന്നുമാണ് ഉയരുന്ന വാദം. അതേസമയം കുട്ടിയെ വലിച്ചിഴക്കുകയും അക്രമാസക്തനാവുകയും ചെയ്തതോടെയാണ് ഗൊറില്ലയെ വെടിവെച്ചതെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.

Full View

ഗൊറില്ലയുടെ കൂട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിക്കാനെന്ന പേരില്‍ ഗൊറില്ലയെ വെടിവെച്ചു കൊന്നതിനെതിരെ വിമര്‍ശം രൂക്ഷമാകുന്നു. അമേരിക്കയിലെ സിന്‍സിനാറ്റിയിലെ മൃഗശാലയിലാണ് കുട്ടിയെ രക്ഷിക്കാന്‍ ഗൊറില്ലയെ വെടിവെച്ചുകൊന്നത്. ഹരാംബെ എന്ന് വിളിക്കുന്ന ആണ്‍ ഗൊറില്ലയെയാണ് വെടിവെച്ചുകൊന്നത്.

കുട്ടിയെ അപായപ്പെടുത്താന്‍ ഗൊറില്ലക്ക് ഉദ്ദേശമില്ലായിരുന്നെന്നും സംരക്ഷിക്കാനാണ് ഗൊറില്ല ശ്രമിച്ചതെന്നുമാണ് ഉയരുന്ന വാദം. അതേസമയം കുട്ടിയെ വലിച്ചിഴക്കുകയും അക്രമാസക്തനാവുകയും ചെയ്തതോടെയാണ് ഗൊറില്ലയെ വെടിവെച്ചതെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.

ഗൊറില്ലയുടെ കൂടിന്റെ മതിലിന് മുകളിലൂടെ നടക്കാന്‍ ശ്രമിക്കുന്നതിനിടെ കിടങ്ങിലേക്ക് കുട്ടി വീണുപോവുകയായിരുന്നു. കുട്ടിയെ അശ്രദ്ധമായി നോക്കിയ രക്ഷിതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്. പത്തടി താഴ്ച്ചയുള്ള കിടങ്ങില്‍ ഒരടിയിലേറെ വെള്ളമുണ്ടായിരുന്നു.

മറ്റു ഗൊറില്ലകള്‍ ഇത് ശ്രദ്ധിക്കാതിരുന്നപ്പോള്‍ 17കാരനായ ആണ്‍ ഗൊറില്ല ഹരാംബെ കുട്ടി വീണ ഭാഗത്തേക്ക് ഓടിയെത്തി. കുഞ്ഞിനെ കിടങ്ങിന്റെ ഒരു ഭാഗത്തേക്ക് നീക്കി നിര്‍ത്തിയ ശേഷം നോക്കിയിരിക്കുകയായിരുന്നു. കുട്ടി വീണ് പത്ത് മിനുറ്റിന് ശേഷമാണ് ഗൊറില്ലയെ വെടിവെച്ചുകൊന്നത്. നിസ്സാര പരിക്കുകളോടെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ വെടിവെച്ച് കൊന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവാദിത്വമില്ലാതെ പെരുമാറിയ കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 60000ത്തിലേറെ പേര്‍ ഒപ്പിട്ട പരാതി കൊടുക്കാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍.

നേരത്തെ സിംഹത്തിന്റെ കൂട്ടിലേക്ക് സ്വയം ഭക്ഷണമാക്കാനെന്ന പേരില്‍ നഗ്നനായി ഇറങ്ങിയ യുവാവിനെ രക്ഷിക്കാന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ചുകൊന്നത് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. 1986ല്‍ സമാനമായ സംഭവം ബ്രിട്ടനില്‍ ഉണ്ടായിരുന്നു. അന്ന് അഞ്ച് വയസുകാരനാണ് ഗൊറില്ലക്കൂട്ടിലേക്ക് വീണത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ബോധം നഷ്ടമായ കുട്ടിയെ ജംബോ എന്ന് പേരുള്ള ഒരു ഗൊറില്ലയാണ് സംരക്ഷിച്ചത്. മറ്റു ഗൊറില്ലകളില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച ജംബോ ഗൊറില്ല വലിയ തോതില്‍ അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News