കടുവകളെ വളര്‍ത്തുന്ന ബുദ്ധക്ഷേത്രത്തിന്റെ ഫ്രീസറില്‍ നിന്നും 40 കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി
കടുവകളെ വളര്‍ത്തുന്നതിലൂടെ ലോകശ്രദ്ധ നേടിയ തായ്‌ലന്‍ഡിലെ കാഞ്ചനാപുരിയിലുള്ള ബുദ്ധക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്നും 40 കടുവ കുഞ്ഞുങ്ങളേയും ഒരു കരടിയേയും വിവിധ മൃഗങ്ങളുടെ കൊമ്പുകളും ലഭിച്ചു.
കടുവകളെ വളര്‍ത്തുന്നതിലൂടെ ലോകശ്രദ്ധ നേടിയ തായ്‌ലന്‍ഡിലെ കാഞ്ചനാപുരിയിലുള്ള ബുദ്ധക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്നും 40 കടുവ കുഞ്ഞുങ്ങളേയും ഒരു കരടിയേയും വിവിധ മൃഗങ്ങളുടെ കൊമ്പുകളും ലഭിച്ചു. തായ്‌ലണ്ട് വന്യമൃഗ സംരക്ഷണ അതോറിറ്റി നടത്തിയ തിരച്ചിലിലാണ് ബാങ്കോക്കില്‍ നിന്നും കിഴക്കു മാറിയുള്ള ബുദ്ധ ക്ഷേത്രത്തില്‍ നിന്നും വന്യജീവികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കടുവകള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുന്നതിന് നിരവധി സഞ്ചാരികളാണ് ഈ ക്ഷേത്രത്തില്‍ എത്തിയിരുന്നത്. അതേസമയം വന്യജീവികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചൈനീസ് മരുന്നുകളുടെ നിര്‍മാണത്തിനായി കടുവകളുടെ ശരീരഭാഗങ്ങള്‍ ഇവിടെനിന്നും കയറ്റി അയയ്ക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
അതേസമയം, കടുവക്കുട്ടികള്‍ ചത്തതിനുശേഷമാണ് അവയെ ഫ്രീസറില്‍ സൂക്ഷിച്ചതെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം അധികൃതരെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് നിയമവിരുദ്ധമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 2001 മുതല്‍ ഇവിടെനിന്നും കടുവകളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയായിരുന്നു. ക്ഷേത്രത്തിന്റെ പ്രധാന വരുമാനശ്രോതസ് തന്നെ കടുവകളെ കാണെന്നത്തിയിരുന്ന സഞ്ചാരികള്‍ നല്‍കുന്നതായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ 117 കടുവകളെ പുനരധിവസിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതുവരെ ഇത്തരത്തില്‍ 40 കടുവകളെ ഇതുവരെ പുനരധിവസിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഫ്രീസറില്‍ നിന്നും കടുവക്കുഞ്ഞുങ്ങളെ ലഭിച്ചത്. അതേസമയം സമാധാനപരമായി ക്ഷേത്രത്തില്‍ കഴിയുന്ന കടുവകളെ എന്തിനാണ് മാറ്റുന്നതെന്ന് ചോദിച്ച് വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.