ഇറാഖില്‍ ഐ.എസ് തടവില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോചനം
സ്വന്തം പെണ്‍മക്കളെ തീവ്രവാദികള്‍ കണ്‍മുന്നില്‍ പീഡിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നതായി മോചിതരായ സ്ത്രീകള്‍ പറഞ്ഞു
ഇറാഖില്‍ ഐഎസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും കുര്‍ദ് സേന മോചിപ്പിച്ചു. ഏറെ ക്രൂരതകള്‍ക്ക് അനുഭവിച്ച ശേഷമാണ് 42 കുട്ടികളടങ്ങുന്ന സംഘത്തിന്‍റെ മോചനം. സ്വന്തം പെണ്‍മക്കളെ തീവ്രവാദികള്‍ കണ്‍മുന്നില്‍ പീഡിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നതായി മോചിതരായ സ്ത്രീകള്‍ പറഞ്ഞു.
കഴിഞ്ഞ 20 മാസത്തെ പീഡനങ്ങള്‍ക്ക് ശേഷമാണ് യസീദികളുടെ മോചനം . ലൈംഗിക പീഡനം ഉള്‍പ്പെടെ വന്‍ ക്രൂരതകളാണ് ഐഎസില്‍ നിന്നും യസീദി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏല്‍ക്കേണ്ടി വന്നത്. ഇത് തെളിയിക്കുന്നതായിരുന്നു മോചിതരായവരുടെ പ്രതികരണം. പുരുഷന്‍മാരില്‍ നിന്ന് സ്ത്രീകളെയും മാതാക്കളില്‍ നിന്ന് കുട്ടികളെയും അവര്‍ വേര്‍തിരിച്ചു. വിവസ്ത്രയാക്കിയ പെണ്‍കുട്ടികളെ തങ്ങളുടെ കണ്‍മുന്നില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന രംഗങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ തങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ എന്നും ഈ അമ്മമാര്‍ പറയുന്നു.
52 പേരടങ്ങുന്ന സംഘത്തില്‍ 42 കുട്ടികളും 10 സ്ത്രീകളുമാണുണ്ടായിരുന്നത്. കുര്‍ദ് സേനയുടെ സിന്‍ജാര് റെസിസ്റ്റന്‍സ് യൂണിറ്റും പ്രൊട്ടക്ഷന്‍ ഫോഴ്സും ഓഫ് സിന്‍ജാറും സംയുക്തമായി നടത്തിയ ഓപറേഷനിലൂടെയാണ് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനായത്.
2014 ല്‍ അയ്യായിരത്തോളം യസീദി വംശജരെ ഐ.എസ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരുന്നു. ഇവരില്‍ രണ്ടായിരത്തോളെ പേര്‍ അധികം വൈകാതെ രക്ഷപ്പെടുകയും കുറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇനിയും കുറെ പേര്‍ തടവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതായും റിപ്പോര്‍ട്ടുണ്ട്.