മ്യാന്മര്‍ പ്രസിഡന്‍റായി ടിന്‍ ജോ അധികാരമേറ്റു
അര നൂറ്റാണ്ടിന്റെ സൈനിക ഭരണം അവസാനിപ്പിച്ച് കൊണ്ടാണ് ഓങ്സാന്‍ സൂചിയുടെ വിശ്വസ്തനായ ടിന്‍ ജോ സത്യപ്രതിജ്ഞ ചെയ്തത്.
മ്യാന്മര്‍ പ്രസിഡന്‍റായി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ് ടിന്‍ ജോ അധികാരമേറ്റു. അര നൂറ്റാണ്ടിന്റെ സൈനിക ഭരണം അവസാനിപ്പിച്ച് കൊണ്ടാണ് ഓങ്സാന്‍ സൂചിയുടെ വിശ്വസ്തനായ ടിന്‍ ജോ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തിന്റെ ജനാധിപത്യ ഐക്യത്തിന് വഴിയൊരുക്കുന്ന പുതിയ ഭരണഘടന രൂപീകരിക്കുമെന്ന് ടിന്‍ ജോ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക നിറമായ ഓറഞ്ച് ഷര്‍ട്ട് ധരിച്ചാണ് ടിന്‍ ജോ സത്യപ്രതിജ്ഞക്കത്തെിയത്.
പാര്‍ലമെന്‍റില്‍ 25 ശതമാനം സൈന്യത്തിന് സംവരണമുണ്ട്. ആഭ്യന്തര, പ്രതിരോധ, അതിര്‍ത്തികാര്യ മന്ത്രാലയങ്ങളുടെ ചുമതല സൈന്യത്തിനാണ്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം പ്രസിഡന്‍റിനാണ് ഉള്ളത്. സൂചിയുടെ വിശ്വസ്തനായ ടിന്‍ ജോ പ്രസിഡന്‍റാക്കുന്നതോടെ ഭരണം സൂചിയുടെ കൈകളില്‍ ഭദ്രമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പ്രസിഡന്‍റിനൊപ്പം വൈസ് പ്രസിഡന്‍റുമാരായി തെരഞ്ഞെടുക്കപ്പെട്ട സൈനിക പിന്തുണയുള്ള ജനറല്‍ മിന്‍റ് സ്വെയും ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ഹെന്‍റി വാന്‍ തിയോയും ചുമതലയേറ്റു. ചടങ്ങില്‍ മ്യാന്മര്‍ സൈനികമേധാവി മിന്‍ ഓങ് ലെയ്ങും മാധ്യമപ്രവര്‍ത്തകരും നയതന്ത്രപ്രതിനിധികളുമടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്തു.