ട്രംപിന്റെ സൗദി സന്ദര്‍ശനം, റിയാദില്‍ ഇന്ന് രണ്ട് ഉച്ചകോടികള്‍
പശ്ചിമേഷ്യയില്‍ നാറ്റോ മോഡല്‍ സൈനികസഖ്യത്തിന് ഉച്ചകോടിയില്‍ ട്രംപ് നിര്‍ദേശം വെക്കുമെന്ന് സൂചനയുണ്ട്. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് പ്രത്യേക കൂടിക്കാഴ്ചയും നടത്തും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി രണ്ട് സുപ്രധാന ഉച്ചകോടികള്‍ ഇന്ന് റിയാദില്‍ നടക്കും. അറബ് ഇസ്ലാമിക അമേരിക്ക ഉച്ചകോടിയാണ് ഇതില്‍ പ്രധാനം. പശ്ചിമേഷ്യയിലെ തീവ്രവാദഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള ചര്‍ച്ചകളാവും പ്രധാനമായും ഉച്ചകോടിയിലുണ്ടാവുക.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ഒരുമിച്ച് മുന്നേറാം എന്ന പ്രമേയത്തില്‍ റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉച്ചകോടി നടക്കുക. അമ്പതോളം അറബ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളും നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഡോണള്‍ഡ് ട്രംപ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തിന് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കയുടെ സഹകരണത്തോടെ പശ്ചിമേഷ്യയിലെ തീവ്രവാദ ഭീകരവാദ ഭീഷണിയെ ചെറുക്കാനുള്ള ചര്‍ച്ചകളാണ് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും നടക്കുക.
പശ്ചിമേഷ്യയില്‍ നാറ്റോ മോഡല്‍ സൈനികസഖ്യത്തിന് ഉച്ചകോടിയില്‍ ട്രംപ് നിര്‍ദേശം വെക്കുമെന്ന് സൂചനയുണ്ട്. നേരത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ട്രംപ് ഐക്യത്തോടെ മുന്നേറാനുള്ള പ്രഭാഷണമാവും ഇന്ന് നടത്തുക. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് പ്രത്യേക കൂടിക്കാഴ്ചയും നടത്തും. ഭീകരവാദ ആശയങ്ങള്‍ക്കെതിരായ പോരാട്ടത്തിനുള്ള ആഗോളകേന്ദ്രത്തിന്റെ ഉദ്ഘാടനം ട്രംപ് നിര്‍വഹിക്കും. സമാധാനത്തിന്റെയും മിതവാദത്തിന്റെയും സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്ന ട്വീപ്‌സ് 2017 സമ്മേളനവും യു.എസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.