നാഥു ല പാസ് ചൈന അടച്ചു
സിക്കിം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് ചൈന അതിര്‍ത്തി അടച്ചത്.
ഇന്തോ ചൈന അതിര്‍ത്തിയിലെ നാഥു ല പാസ് ചൈന അടച്ചു. അതിര്‍ത്തിയില്‍ ഇരു സൈന്യവും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
സിക്കിം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് ചൈന അതിര്‍ത്തി അടച്ചത്. നാഥു ല പാസ് അടച്ചതായി സ്ഥിരികീരിച്ച് ചൈനീസ് ആര്‍മി വാര്‍ത്താകുറിപ്പിറക്കി. അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിനായി ഇരു രാജ്യങ്ങളിലേയും കമാണ്ടര്‍തല ചര്‍ച്ചകള്‍ ചേര്‍ന്ന് ഒരാഴ്ച്ച പിന്നിട്ടപ്പോഴാണ് ചൈനയുടെ നടപടി. അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യ തടസപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രദേശത്തെ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിക്കീമിലെ ഡോക്ക ലായില്‍ അതിര്‍ത്തി കടന്ന് ചൈനീസ് സൈന്യം ഇന്ത്യയുടെ ബങ്കറുകള്‍ തകര്‍ത്തത് കഴിഞ്ഞദിവസങ്ങളില്‍ സൈനികര്‍ തമ്മില്‍ വാക്കേറ്റത്തിനും കയ്യേറ്റത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന നാഥു ല പാസും അടച്ചത്.
ഇരുരാജ്യങ്ങളിലേയും കച്ചവടക്കാരും തീര്‍ത്ഥാടകരും ഇത് വഴിയാണ് അതിര്‍ത്തി കടന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരേയും ചൈനീസ് സൈന്യം തടഞ്ഞു. 1967 മുതല്‍ അതിര്‍ത്തിയെ ചൊല്ലി ഇരു രാജ്യങ്ങളും സംഘര്‍ഷം പതിവായിരുന്ന നാഥു ല 44 വര്‍ഷത്തോളം അടച്ചിട്ടശേഷം 2015 ലാണ് തുറന്നുകൊടുത്തത്.