ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ബില്ല് ഈ വര്‍ഷം സെനറ്റില്‍ പാസാക്കാനാകില്ല.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബില്ലിനെതിരെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ബില്ല് ഈ വര്‍ഷം സെനറ്റില്‍ പാസാക്കാനാകില്ല.
സെപ്തംബര്‍ 30നകം സെനറ്റില്‍ ബില്ല് വോട്ടിനിട്ട് പാസാക്കാനായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം. പദ്ധതി റദ്ദാക്കുന്നതിന് 100 അംഗ സെനറ്റില്‍ 51 വോട്ടുവേണം. റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത് 52 അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേര് ബില്ലിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയതാണ് ട്രംപിന് തിരിച്ചടിയായത്. ആരോഗ്യപരിരക്ഷാ പദ്ധതി നര്ത്തലാക്കുകയല്ല വേണ്ടത്. പകരം നികുതി സമ്പ്രദായത്തിലെ സമഗ്ര പരിഷ്കാരത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് സെനറ്റര്‍മാര്‍ നിലപാടെടുക്കുകയായിരുന്നു.
നടപടിയെ എതിര്‍ത്ത റിപ്പബ്ലിക്കന്‍ സെനറ്റംഗങ്ങള്ക്കെതിരേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സെറ്റംഗങ്ങള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് പദ്ധതി റദ്ദാക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം പിന്‍വലിച്ചത്. ഇതോടെ ബില്ല് ഇനി അടുത്ത വര്‍ഷം മാത്രമേ സെനറ്റിന്റെ പരിഗണനക്ക് വരൂ. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ട്രംപ് ഭരണകൂടത്തിന് സെനറ്റില്‍ വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വരുന്നത്.
ഏറെ ജനകീയമായിരുന്ന 2010ലെ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ഏഴു വര്‍ഷത്തോളമായി നീക്കം നടത്തുകയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഒബാമ കെയറിന് പകരം ട്രംപ് പ്രഖ്യാപിച്ച പുതിയ നയം നടപ്പാക്കുന്നതും ഇതോടെ അനിശ്ചിതത്തിലാകും. പുതിയ പദ്ധതി പ്രകാരം 2026 ആകുന്നതോടെ യുഎസിലെ രണ്ടേകാല്‍ കോടിയോളം ജനങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതാകും.
അത്തരമൊരു സാഹചര്യം 2018ലെ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുണ്ട്.