റഷ്യയിലെ മുഖ്യ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റാലിയുടെ ഭാഗമായി തലസ്ഥാനമായ മോസ്ക്കോയിലെത്തിയപ്പോഴാണ് നാവല്‍നിയെ അറസ്റ്റ് ചെയ്തത്.
റഷ്യയിലെ മുഖ്യ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റാലിയുടെ ഭാഗമായി തലസ്ഥാനമായ മോസ്ക്കോയിലെത്തിയപ്പോഴാണ് നാവല്‍നിയെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 18ന് നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് അലക്സി നാവല്‍നി റഷ്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്നലെ റാലികള്‍ നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി തലസ്ഥാനമായ മോസ്ക്കോയില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നാവല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് നാവല്‍നിയെ അറസ്റ്റ് ചെയ്തത്.
റാലിയ്ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് നാവല്‍നിയുടെ ഓഫീസില്‍ നിന്ന് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ സംപ്രേഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ നാവല്‍നിയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മോസ്ക്കോയില്‍ റഷ്യന്‍ പതാകയുമായെത്തിയ സമരക്കാര്‍ പുട്ടിന്‍ ഇല്ലാത്ത റഷ്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്.
നേരത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നാവല്‍നിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. നാവല്‍നിയെ മുന്‍പ് കോടതി ശിക്ഷിച്ചിട്ടുണ്ട് എന്ന് ആരോപിച്ചായിരുന്നു കമ്മീഷന്‍റെ നടപടി. ഇതിനെതിരെ നാവല്‍നി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി പ്രതികൂലമായിരുന്നു. ഇതോടെ നിലവിലെ പ്രസിഡന്‍റ് വ്ലാദീമര്‍ പുട്ടിന്‍റെ വിജയം ഉറപ്പായിരുന്നു. എന്നാല്‍ പുട്ടിന്‍റെ വിജയം സുനിശ്ചിതമെങ്കിലും തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കുറച്ച് ജയത്തിന്‍റെ ശോഭ കുറയ്ക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് നാവല്‍നി നേരത്തെ പ്രഖ്യാപിച്ചിരുന്നു.