ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവെച്ചു

Update: 2018-05-28 07:46 GMT
Editor : admin
ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവെച്ചു
Advertising

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മിര്‍ ഖാസിം അലിയുടെ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവെച്ചു.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മിര്‍ ഖാസിം അലിയുടെ വധശിക്ഷ ബംഗ്ളാദേശ് സുപ്രീംകോടതി ശരിവെച്ചു. 1971ലെ വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ട്രിബ്യൂണല്‍ നേരത്തെ ഇദ്ദേഹത്തിന് വധശിക്ഷ നല്‍കാന്‍ വിധിച്ചിരുന്നു. ഏകപക്ഷീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് ആരോപിച്ച ജമാഅത്ത് നേതൃത്വം വിധിയില്‍ പ്രതിഷേധിച്ചു.

1971ലെ ബംഗ്ളാദേശ് വിമോചന കാലത്ത് യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി ആരോപിച്ച് ബംഗ്ളാദേശ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ഇത് ശരിവെച്ചുകൊണ്ടുള്ള വിധിയാണ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പുനപരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ പതിനഞ്ച് ദിവസം ലഭിക്കുമെന്ന് അറ്റോണി ജനറല്‍ അറിയിച്ചിട്ടുണ്ട്.

ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രമുഖനായി കരുതപ്പെടുന്ന അറുപത്തിനാലുകാരനായ മിര്‍ ഖാസിം അലി, ദിഗന്ദ ടി.വി അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെയും നിരവധി ബിസിനസ് സ്ഥാപനങ്ങളുടെയും തലവനായിരുന്നു. പുനപരിശോധന ഹരജി നല്‍കുമെന്ന് മിര്‍ അലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് ഹസീന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. എട്ട് പ്രമുഖ ജമാഅത്ത് നേതാക്കള്‍ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നിയോഗിച്ച ട്രിബ്യൂണല്‍ വധശിക്ഷ വിധിക്കുകയും 5 പേരെ തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായ അന്വേഷണത്തിനും വിധികള്‍ക്കുമെതിരെ ജമാഅത്ത് നേതൃത്വം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News