ആണവ വിതരണ സംഘത്തില്‍ അംഗത്വത്തിന് ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്റിന്റെ പിന്തുണ
സ്വിറ്റ്സര്‍ലാന്റിന്റെ പിന്തുണയില്‍ സന്തോഷം അറിയിച്ച പ്രധാനമന്ത്രി നരേന്ദമോദി കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കാമെന്ന് സ്വിറ്റ്സര്‍ലന്റ് ഉറപ്പ് നല്‍കിയതായും അറിയിച്ചു.
ആണവ വിതരണ സംഘത്തില്‍ അംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്റിന്റെ പിന്തുണ. പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനത്തിനിടെയാണ് സ്വിസര്‍ലന്റ് ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തുന്നതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കും.
അഞ്ച് രാഷ്ട്രങ്ങളില്‍ നടത്തുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സര്‍ലന്റിലെത്തിയത്. സ്വിസ് പ്രസിഡന്റ് ജോണ്‍ ഷെയഡറുമായി മോദി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് എന്‍എസ്ജി അംഗത്വത്തിനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് സ്വിറ്റ്സര്‍ലന്റ് പിന്തുണ പ്രഖ്യാപിച്ചത്.
സ്വിറ്റ്സര്‍ലാന്റിന്റെ പിന്തുണയില്‍ സന്തോഷം അറിയിച്ച പ്രധാനമന്ത്രി നരേന്ദമോദി കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കാമെന്ന് സ്വിറ്റ്സര്‍ലന്റ് ഉറപ്പ് നല്‍കിയതായും അറിയിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് സ്വിറ്റ്സര്‍ലാന്റ് സഹായകരമായിരുന്നുവെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു. സ്വിറ്റ്സര്‍ലന്റ് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. കൂടുതല്‍ സ്വിസ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത മോദി ഇവര്‍ക്കായി ഇ- ടൂറിസ്റ്റ് വിസ സൌകര്യങ്ങള്‍ സുഗമമാക്കുമെന്നും പ്രഖ്യാപിച്ചു.