പട്ടാള അട്ടിമറി നീക്കത്തിന് പിന്നാലെ തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി
വിഫലമായ പട്ടാള അട്ടിമറി നീക്കത്തെ തുടര്‍ന്ന് തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത് മേഖലയില്‍ ഐഎസ് വിരുദ്ധ പോരാട്ടം ദുര്‍ബലമാക്കും.
വിഫലമായ പട്ടാള അട്ടിമറി നീക്കത്തെ തുടര്‍ന്ന് തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത് മേഖലയില്‍ ഐഎസ് വിരുദ്ധ പോരാട്ടം ദുര്‍ബലമാക്കും. അട്ടിമറി നീക്കത്തില്‍ അമേരിക്കയുടെ റോള്‍ പുറത്തുവന്നതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ ഉര്‍ദുഗാന്‍ ഭരണകൂടം തയ്യാറായതെന്ന് റിപ്പോര്‍ട്ടുണ്ട്.
നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കിയുടെ സൈനിക താവളം കേന്ദ്രീകരിച്ചായിരുന്നു സിറിയയിലും ഇറാഖിലും ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി വന്നത്. ദക്ഷിണ തുര്‍ക്കിയിലെ ഇന്‍ക്രിലിക് എയര്‍ബേസ് അടച്ചിട്ടതോടെ കഴിഞ്ഞ രണ്ടു ദിവസമായി അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നിര്‍ത്തി വെച്ചിരിക്കുകയാണ്. അമേരിക്കയിലുള്ള തുര്‍ക്കി മതനേതാവ് ഫതഹുല്ല ഗുലനെ വിട്ടുകിട്ടണമെന്നാണ് ഉര്‍ദുഗാന്‍ ഭരണകൂടത്തിന്റെ ആവശ്യം. തന്റെ നിര്‍ദേശപ്രകാരമാണ് സൈന്യത്തില്‍ ഒരു വിഭാഗം അട്ടിമറിക്ക് തുനിഞ്ഞതെന്ന ആരോപണം ഗുലന്‍ നിഷേധിക്കുകയാണ്. അട്ടിമറിയില്‍ ഗുലന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ നല്‍കണമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചത്.
അട്ടിമറി നീക്കത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന അമേരിക്കന്‍ വിശദീകരണം പക്ഷെ തുര്‍ക്കിക്ക് ബോധ്യമായിട്ടില്ല. തന്ത്രപ്രധാന പങ്കാളിയാണെങ്കില്‍ ഗുലനെ വിട്ടുകിട്ടണമെന്ന ആവശ്യം അമേരിക്ക അംഗീകരിക്കേണ്ടതുണ്ടെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഔദ്യോഗികമായി അപേക്ഷ നല്‍കാനും അത് നിരസിച്ചാല്‍ അമേരിക്കയോടുള്ള സഹകരണം വേണ്ടെന്നു വെക്കാനും ഉര്‍ദുഗാന്‍ ഭരണകൂടം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും ഐഎസ് കേന്ദ്രങ്ങളെ അമര്‍ച്ച ചെയ്യാനുള്ള നീക്കമാകും അതോടെ പരാജയപ്പെടുക. ഗള്‍ഫ് രാജ്യങ്ങളും ആശങ്കയോടെയാണ് സ്ഥിതിഗതികള്‍ നോക്കിക്കാണുന്നത്.