ഐഎസില്‍ നിന്നും ഷിര്‍ഖാത് നഗരം പിടിച്ചെടുത്തെന്ന് ഇറാഖ്
മൊസൂള്‍ നഗരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നും സൈന്യം
ഐഎസില്‍ നിന്നും ഷിര്‍ഖാത് നഗരം പിടിച്ചെടുത്തതായി ഇറാഖി സേന. മൊസൂള്‍ നഗരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായാണ് നടപടിയെന്നും സൈന്യം അറിയിച്ചു.
ചൊവ്വാഴ്ചയാണ് സൈനിക നടപടികള്‍ ആരംഭിച്ചത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാഖി സേനയും സംയുക്തമായാണ് ഐഎസിനെതിരെ ആക്രമണം നടത്തുന്നത്. ഷിര്‍ഖാത് പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ സാധിച്ചതായാണ് സൈന്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഷിര്‍ഖാത് നഗരത്തിലേക്ക് മൊസൂളില്‍ നിന്ന് 80 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഇപ്പോഴത്തെ നടപടി വലിയ വിജയമായാണ് സൈന്യം വിലയിരുത്തുന്നത്.
2014 മുതല്‍ ബാഗ്ദാദിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖല ഐഎസിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍ തിക്രിത്, റമാദി, ഫലൂജ തുടങ്ങിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ സൈന്യവും ആരംഭിച്ചിരുന്നു. ഷിര്‍ഖാത് നഗരം പിടിച്ചെടുത്തത് വലിയ ആവേശത്തോടെയാണ് പ്രദേശവാസികള്‍ സ്വീകരിച്ചത്. ഏകദേശം പതിനായിരക്കണക്കിന് ആളുകളാണ് ഷിര്‍ഖാതിലും പരിസര നഗരങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. മൊസൂളില്‍ ഐഎസിനെതിരായ നടപടി ഒക്ടോബറോടെ ആരംഭിക്കാനാണ് നീക്കം. വ്യക്തമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ മൊസൂളില്‍ നിന്ന് ഐഎസിനെ പൂര്‍ണമായും തുടച്ച് നീക്കാനാകുമെന്ന് സൈന്യം വ്യക്തമാക്കി.