പ്രകോപനം തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തകര്‍ക്കും: ഭീഷണിയുമായി ട്രംപ്
പ്രകോപനമുണ്ടാക്കിയാല്‍ ഉത്തര കൊറിയയെ തകര്‍ക്കുമെന്നാണ് ഭീഷണി.
ഉത്തര കൊറിയയെ തകര്‍ക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ആണവ പരീക്ഷണം അടക്കമുളള പ്രകോപനപരമായ നിലപാട് തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കാന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
യുഎന്‍ ഉപരോധം മറികടന്ന് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. സൌഹൃദവും ഐക്യവുമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാല്‍ പരമാധികാരത്തിന് ഭീഷണിയായി ഉത്തര കൊറിയ മാറിയാല്‍ ആ രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാകുമെന്ന് ട്രംപ് പറഞ്ഞു.
റോക്കറ്റ് മാന്‍ ആത്മഹത്യാശ്രമമാണ് നടത്തുന്നതെന്ന് ട്രംപ് കിം ജോങ് ഉന്നിനെ പരിഹസിച്ചു. ഉത്തര കൊറിയ പ്രകോപനം അവസാനിപ്പിക്കുന്നത് വരെ കിം ജോങ് ഉന്നിനെതിരെ യുഎന്‍ അംഗരാജ്യങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. എല്ലാത്തിനും മേലെ അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരെയും കടുത്ത വിമര്‍ശമാണ് ട്രംപ് ഉന്നയിച്ചത്. തീവ്രവാദത്തെ പിന്തുണക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നതെന്നും ട്രംപ് ആരോപിച്ചു. ഒബാമ ഭരണകൂടത്തെ പരോക്ഷമായ വിമര്‍ശിച്ചാണ് ഇറാനെതിര ആരോപണം ഉന്നയിച്ചത്. വേണ്ടി വന്നാല്‍ വെനസ്വേലയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാന്‍ അമേരിക്ക തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.