സിറിയയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് ഹിസ്ബുല്ല
സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന ഷിയാ സായുധ സംഘടനയാണ് ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല.
സിറിയയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല. ടെലിവിഷന്‍ പ്രഭാഷണത്തിലാണ് നസ്റുല്ല ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ പിന്തുണയുള്ള സംഘടന അടുത്തിടെ സിറിയയില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടിരുന്നു.
സിറിയന്‍ ഭരണാധികാരി ബശ്ശാറുല്‍ അസദിനെ പിന്തുണക്കുന്ന ഷിയാ സായുധ സംഘടനയാണ് ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല. ഇറാന്റെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അടുത്തിടെ നിരവധി തിരിച്ചടികളാണ് സിറിയയില്‍ നേരിട്ടത്. കഴിഞ്ഞമാസം സംഘടനയുടെ മുതിര്‍ന്ന നേതാവും സൈനിക കമാന്ററുമായു മുസ്തഫ ബദറുദ്ദീന്‍ സിറിയയില്‍ കൊല്ലപ്പെട്ടത് ഹിസ്ബുല്ലക്ക് കനത്ത തിരിച്ചടിയായിരുന്നു.
അതേസമയം തിരിച്ചടികള്‍ കാര്യമാക്കുന്നില്ലെന്നും പോരാട്ടവുമായി മുന്നോട്ടപോകുമെന്നും സംഘടനാ നേതാവ് ഹസന്‍ നസറുല്ല വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കി. സംഘടനയുടെ ഉടമസ്ഥതയിലുള്ള അല്‍മനാര്‍ ടിവിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് കൂടുതല്‍ സായുധ സംഘങ്ങളെ സിറിയയിലേക്കയക്കുമെന്നു നസറുല്ല വ്യക്തമാക്കിയത്.
സിറിയയിലെ തന്ത്രപ്രധാന മേഖലയായ അലപ്പോ നഗരം പിടിക്കാനുള്ള നീക്കം സുന്നി സായുധ സംഘങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഹിസ്ബുല്ലയുടെ പുതിയ നീക്കം.