ബ്രസല്‍സില്‍ മുസ്‍ലിം വിരുദ്ധ റാലിക്കിടെ കാര്‍ യുവതിയെ ഇടിച്ചുതെറിപ്പിച്ചു
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ മൊളെന്‍ബീക്കില്‍ കടുത്ത വലതുപക്ഷ വാദികള്‍ നടത്തിയ മുസ്‌ലിംവിരുദ്ധ റാലിക്കിടെ കാര്‍ മുസ്‌ലിം യുവതിയെ ഇടിച്ചു തെറിപ്പിച്ചു.
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ മൊളെന്‍ബീക്കില്‍ കടുത്ത വലതുപക്ഷ വാദികള്‍ നടത്തിയ മുസ്‌ലിംവിരുദ്ധ റാലിക്കിടെ കാര്‍ മുസ്‌ലിം യുവതിയെ ഇടിച്ചു തെറിപ്പിച്ചു. ഇതിനിടെ കാര്‍ യാത്രക്കാര്‍ സെല്‍ഫി എടുത്ത് ആഘോഷിക്കുകയും ചെയ്തു. ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
നിരോധിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ റാലി നടക്കുന്നതിനിടെ കനത്ത പൊലീസ് ബന്തവസിനിടയിലൂടെ കുതിച്ചെത്തിയ വെള്ള ഔഡി കാര്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മുസ്‌ലിം സ്ത്രീയെ ഇടിച്ചിട്ട് മുന്നോട്ട് കുതിക്കുകയായിരുന്നു. പൊലീസ് തോക്കു ചൂണ്ടി മുന്നറിയിപ്പു നല്‍കിയെങ്കിലും ഇതവഗണിച്ച കാര്‍ മനപൂര്‍വം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെറിച്ച് വീണ സ്ത്രീയുടെ കാലുകള്‍ക്ക് മുകളിലൂടെ കാര്‍ ഓടിച്ച് പോയി. പൊലീസ് ബാരിക്കേഡ് മറി കടന്ന് മുന്നോട്ട് നീങ്ങിയ കാറില്‍ നിന്നും തല പുറത്തേക്കിട്ട യാത്രക്കാരന് സെല്‍ഫിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റിരുന്നുവെങ്കിലും സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. നിലവില്‍ സ്ത്രീയുടെ അവസ്ഥ എന്താണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല. കാറിടിപ്പിച്ചതിനു പിന്നിലുള്ള കാരണവും വ്യക്തമല്ല.
ബ്രസല്‍സില്‍ പ്രാദേശിക ഭരണകൂടം നിരോധിച്ച മുസ്‌ലിം വിരുദ്ധ റാലി നടക്കുന്നതിനിടെയാണ് ഈ സംഭവം. ഇതിന് പിന്നാലെ പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധമുണ്ടായിരുന്നെങ്കിലും റാലിക്കായി നൂറു കണക്കിന് പേരാണ് മോളെന്‍ബീക്കിലെ നൈബര്‍ഹുഡില്‍ സംഘടിച്ചത്. മാര്‍ച്ച് 22നാണ് ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോസ്റ്റേഷനിലും ആക്രമണം നടന്നത്.