അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്
സിറിയയില്‍ രാസായുധാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഇടപെടല്‍ ഉത്തര കൊറിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്
ദക്ഷിണപസഫിക് മേഖലയില്‍ അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ ആണവാക്രമണം നടത്തുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തര കൊറിയയെ നിലക്കുനിര്‍ത്താന്‍ അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനിടെ പോഹാങ് മേഖലയില്‍ ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു.
ശത്രുക്കളുടെ ഏത് നീക്കവും കൃത്യമായി നിരീക്ഷിക്കുകയാണെന്നും പ്രകോപനം എവിടെ നിന്നാണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ പ്രാപ്തമാണെന്നുമാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്. സിറിയയില്‍ രാസായുധാക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തിയ ഇടപെടല്‍ ഉത്തര കൊറിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ഇനിയൊരു ആണവ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ തിരിച്ചെടിക്കാന്‍ തയ്യാറായിരിക്കുകയാണ് യുഎസ്. ഇതിന്റെ ഭാഗമായി കൊറിയന്‍ ഉപദ്വീപില്‍ യുഎസ് കപ്പലുകള്‍ വിന്യസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയന്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീജിന്‍ പിങ്ങിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചൈന സഹകരിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നിനെ നിലക്കുനിര്‍ത്താന്‍ അമേരിക്ക തയ്യാറാകുമെന്ന് പ്രസിഡന്റ് ഡോണള്ഡ്ട്രംപും വ്യക്തമാക്കി. ഇതിനിടെ കൊറിയന്‍ ഉപദ്വീപിന് സമീപം അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഏപ്രില്‍ 21 വരെ നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ രണ്ടായിരത്തി അഞ്ഞൂറ് യുഎസ് സൈനികരും 1,200 ദക്ഷിണ കൊറിയന്‍ സൈനികരുമാണ് പങ്കെടുക്കുന്നത്. അന്‍പത് കപ്പലുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
വര്‍ഷം തോറും നടക്കുന്ന സൈനികാഭ്യാസങ്ങളുടെ ഭാഗമല്ല ഇപ്പോഴത്തെതെന്നും സൈനിക ശക്തി കാണിക്കാനും നിര്‍ണായക ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും വേണ്ടിയാണ് പ്രകടനമെന്നും ഇരുവിഭാഗങ്ങളുടെയും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.