എഫ്ബിഐയെ ചതിച്ച് ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിച്ച അന്വേഷണ ഉദ്യോഗസ്ഥ

Update: 2018-06-01 11:33 GMT
Editor : Subin
എഫ്ബിഐയെ ചതിച്ച് ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിച്ച അന്വേഷണ ഉദ്യോഗസ്ഥ
Advertising

അമേരിക്കന്‍ സൈനികന്റെ ഭാര്യയായിരിക്കുമ്പോഴാണ് ഡാനിയേല ഗ്രീന്‍ ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിക്കാനായി സിറിയയിലേക്ക് പറന്നത്.

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയിലേക്ക് പോയി ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014ല്‍ എഫ്ബിഐയുടെ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സിറിയയിലേക്ക് പറന്ന 38കാരി ഡാനിയേല ഗ്രീനാണ് ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ജര്‍മ്മനിയില്‍ ജനിച്ച ഡെന്നിസ് കസ്‌പെര്‍ട്ടിനെയാണ് എഫ്ബിഐ ഉദ്യോഗസ്ഥയായ ഡാനിയേല ഗ്രീന്‍ വിവാഹം ചെയ്തത്. ജര്‍മ്മനിയില്‍ ഡെസോ ഡോഗ്ഗ് എന്ന പേരില്‍ റാപ്പറായിരുന്ന ഡെന്നിസ് കസ്‌പെര്‍ട്ട് സിറിയയിലെ ഐഎസ്‌ഐഎസിലെത്തിയതോടെ അബു താല്‍ഹ അല്‍-അല്‍നാമി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

സിറിയയിലെ അപകടകാരിയായ ഭീകരരുടെ പട്ടികയില്‍ മുന്‍ നിരയിലുള്ളയാളാണ് ഡെന്നിസ് കസ്‌പെര്‍ട്ട്. ബിന്‍ലാദനെ പുകഴ്ത്തി പാട്ടുകള്‍പാടിയും ഒബാമയുടെ കഴുത്ത് വെട്ടുമെന്ന് ആംഗ്യം കാണിച്ചും ഐഎസ്‌ഐഎസിലേക്ക് ആളുകളെ ക്ഷണിക്കുന്ന വീഡിയോയില്‍ വെട്ടിയെടുത്ത തലയുമായി പ്രത്യക്ഷപ്പെട്ടുമാണ് ഇയാള്‍ കുപ്രസിദ്ധനായത്.

ചെക്കോസ്ലൊവാക്യയില്‍ ജനിച്ച് ജര്‍മ്മനിയില്‍ വളര്‍ന്ന ഡാനിയേല ഗ്രീനിന് വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ തെറ്റുപറ്റിയെന്ന് മനസിലായി. ഇതോടെ അമേരിക്കയിലേക്ക് തിരിച്ചു പറന്ന ഡാനിയേല ഗ്രീന്‍ അറസ്റ്റിലാവുകയും രണ്ട് വര്‍ഷത്തോളം തടവിലാവുകയും ചെയ്തു. എഫ്ബിഐയെ തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പു ചോദിച്ച ഡാനിയേല ഗ്രീന്‍ ഐഎസ്‌ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അമേരിക്കന്‍ സൈനികന്റെ ഭാര്യയായിരിക്കുമ്പോഴാണ് ഡാനിയേല ഗ്രീന്‍ ഐഎസ്‌ഐഎസ് ഭീകരനെ വിവാഹം കഴിക്കാനായി സിറിയയിലേക്ക് പറന്നത്. 2011 മുതലാണ് ഡാനിയെന്ന് വിളിപ്പേരുള്ള ഡാനിയേല എഫ്ബിഐയില്‍ ചേരുന്നത്. ബഹുഭാഷാവിദഗ്ധയെന്ന നിലയിലായിരുന്നു നിയമനം. 2014 ജനുവരിയില്‍ ജര്‍മ്മന്‍കാരനായ കസ്‌പെര്‍ട്ടിനെതിരായ കേസില്‍ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി കസ്‌പെര്‍ട്ടിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും എഫ്ബിഐ ഹാക്കു ചെയ്തിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം കസ്‌പെര്‍ട്ടിന്റെ ഒരു സ്‌കൈപ്പ് നമ്പറിലേക്കും ഡാനിയേലക്ക് പ്രവേശനം അനുവദിച്ചിരുന്നു. 2014 ജൂണില്‍ ജര്‍മ്മനിയിലെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഡാനിയേല തുര്‍ക്കിയിലേക്കും അതുവഴി സിറിയന്‍ അതിര്‍ത്തിയിലേക്കും പോയി. സിറിയയില്‍ വെച്ച് കസ്‌പെര്‍ട്ടിനെ കണ്ടുമുട്ടിയ ശേഷം വിവാഹം കഴിക്കുകയായിരുന്നു.

എന്നാല്‍ ജൂലൈ ആയപ്പോഴേക്കും തന്റെ തീരുമാനം തെറ്റായിരുന്നോ എന്ന് സംശയിക്കുന്നതായി ഗ്രീന്‍ സുഹൃത്തിന് ഇ മെയില്‍ ചെയ്തു. ജൂലൈ അവസാനത്തോടെ അമേരിക്കയിലേക്ക് മടങ്ങാനുള്ള ആഗ്രഹവും ഇവര്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചു. പിന്നീട് ആഗസ്തില്‍ അമേരിക്കയിലേക്ക് തിരിച്ചെത്തിയ ഡാനിയേല ഗ്രീന്‍ അറസ്റ്റിലായി. ഡിസംബറോടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഡാനിയേലയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു. 2015 ഒക്ടോബറില്‍ കസ്‌പെര്‍ട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ അവകാശപ്പെട്ടെങ്കിലും ഒമ്പത് മാസത്തിന് ശേഷം തിരുത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News