ഈ പത്ത് വയസുകാരന്റെ ഭാരം 190 കിഗ്രാം- ന്യൂഡില്‍സും കോളയും ഇഷ്ടഭക്ഷണം
ശരീരഭാരം മൂലം കൂടുതല്‍ സമയം നിവര്‍ന്നു നില്‍ക്കാന്‍ പോലും ഐറയ്ക്ക് സാധിക്കാറില്ല
കുട്ടികളിലെ അമിതവണ്ണം ഇന്നത്തെക്കാലത്ത് ഒരു പുതുമയല്ല. ഫാസ്റ്റ് ഫുഡും ഇന്നത്തെ ജീവിതരീതിയും കുട്ടികളെ ആ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ അമിതവണ്ണം ഒരിക്കലും മാറ്റാനാവാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരിക്കും. ഇന്തോനേഷ്യക്കാരനായ ഐറയും ഇങ്ങിനെയാണ്. പത്ത് വയസുകാരനായ ഐറയുടെ ശരീരഭാരം കേട്ടാല്‍ അതിശയം കൊണ്ട് ആരും ഒന്ന് മൂക്കത്ത് വിരല്‍ വയ്ക്കും. 190 കിലോ ഗ്രാമാണ് ഈ കുട്ടിയുടെ ഭാരം. ന്യൂഡില്‍സും കോളയുമാണ് ഐറയുടെ ഇഷ്ടഭക്ഷണം. അത് തന്നെയാണ് ഐറയെ ഈ അവസ്ഥയിലേക്കെത്തിച്ചതും.
വിശന്നിരിക്കാന്‍ ഐറയെക്കൊണ്ട് സാധിക്കില്ല. എല്ലാ ദിവസവും ഇറച്ചിയും ചോറും ന്യൂഡില്‍സും കഴിക്കും. ഐറയുടെ ശരീരഭാരം കണ്ട് ഡോക്ടര്‍ കഠിനമായ ഡയറ്റിന് നിര്‍ദ്ദേശിച്ചെങ്കിലും ഭാരം കുറഞ്ഞില്ല. അവസാനം വയറിന്റെ വലിപ്പം കുറയ്ക്കാന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിന്റെ ഫലമായി 16 കിലോ കുറയ്ക്കാന്‍ സാധിച്ചു. ഈയിടെ ഒരു രണ്ട് കിലോയും കുറച്ചിട്ടുണ്ട്.
ശരീരഭാരം മൂലം കൂടുതല്‍ സമയം നിവര്‍ന്നു നില്‍ക്കാന്‍ പോലും ഐറയ്ക്ക് സാധിക്കാറില്ല. ഐറയ്ക്ക് പാകമായ വസ്ത്രം കണ്ടെത്താന്‍ മാതാപിതാക്കളും പാടുപെടുന്നുണ്ട്. നടന്ന് സ്കൂളില്‍ പോകാന്‍ പോലും ഐറയ്ക്ക് കഴിയില്ല. വീട്ടിലെ കുളത്തിലാണ് കുളിക്കുന്നത്.
വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയാണ് ഏക പരിഹാരമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അതിലൂടെ ഐറയുടെ ശരീരഭാരം ഈ വര്‍ഷം തന്നെ നൂറില്‍ താഴെ ആക്കാമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു.