പ്രകോപനമുണ്ടാക്കി വീണ്ടും ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം
മൂവായിരം കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്
മേഖലയില്‍ വലിയ പ്രോകോപനമുണ്ടാക്കി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണകൊറിയയും പെന്റഗണും ഇക്കാര്യം സ്ഥിരീകരിച്ചു. മൂവായിരം കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലിലാണ് പതിച്ചത്
ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലാണ് ഇത്തവണയും ഉത്തരകൊറിയ പരീക്ഷിച്ചത്. മൂന്നാഴ്ചകള്‍ക്ക് മുമ്പ് സമാനമായ മിസൈല്‍ പരീക്ഷണം ഉ.കൊറിയ നടത്തിയിരുന്നു. മൂവായിരം കിലോമീറ്റര്‍ വരെ സഞ്ചരിച്ച ബാലിസ്റ്റിക് പരീക്ഷണം വിവിധ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉത്തര കൊറിയയുടെ നടപടിയെ ശക്തമായി അപലപിച്ചു.
മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ് സ്ഥാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ അമേരിക്കയെ സമീപിക്കുമെന്ന സൂചന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്‍ നല്‍കി. താഡ് സ്ഥാപിക്കുന്നതില്‍ ചൈന നേരത്തെ തന്നെ ശക്തമായി എതിര്‍പ്പിലാണ്. ഉത്തരകൊറിയ ഈവര്‍ഷം നടത്തുന്ന പതിനാലാമത് മിസൈല്‍ പരീക്ഷണമാണിത്.